പരിത്രാണായ സാധൂനാം, വിനാശായ ച ദുഷു്കൃതാം, ധര്മ്മസംസ്ഥാപനാര്ത്ഥായ, സംഭവാമി യുഗേ യുഗേ. മഹാഭാരതം ------പാര്ട്ട് 2(തുടർച്ച) രാജസൂയ ചടങ്ങുകളും,ശിശുപാല വധവും..കുലനാശത്തിന്റെ ആദ്യ മണിയൊച്ചയായിരുന്ന ദുര്യോധനന്റെ വീഴ്ചയും, ദ്രൌപതിയുടെ ചിരിയും... വിഭവ സമാഹരണത്തോടെ രാജസൂയത്തിന്റെ പ്രാരംഭ ചടങ്ങുകള്ക്ക് തുടക്കമായി. ക്ഷണിതാക്കളില് ആദ്യമെത്തിയത് കൃഷണനായിരുന്നു. തുടര്ന്ന് ഭീഷ്മര്, ദ്രോണര്, വ്യാസന് മുതലായ മഹാരഥന്മാരും, പ്രബലരും ശ്രേഷ്ഠരുമായ രാജാക്കന്മാരും എത്തിച്ചേര്ന്നു. ആഘോഷത്തിന്റെ പ്രഥമ ചടങ്ങായി യുധിഷ്ഠിരന്റെ കിരീട ധാരണം നടന്നു. എല്ലാ മഹര്ഷി ശ്രേഷ്ഠന്മാരും, രാജാക്കന്മാരും അദ്ദേഹത്തെ അനുഗ്രഹിച്ചു. സിംഹാസനത്തിലിരുന്ന ശ്രീകൃഷ്ണന്റെ ചെറു പുഞ്ചിരിയിലൂടെ, കുരുകുലത്തിന്റെ ഭാവി കണ്ടറിഞ്ഞ നാരദന് എല്ലാം വിധിയുടെ നേട്ടത്തിനായി സ്വരുക്കൂട്ടി. കിരീടം ധാരണത്തിനു ശേഷം ഭീഷ്മ നിര്ദ്ദേശത്താല് അഗ്രാസനാധിപതിയായി പാണ്ഡവര് ശ്രീകൃഷ്ണനെ തിരഞ്ഞെടുത്തു. സഹദേവന് നിറഞ്ഞോഴുകുന്ന കണ്ണുനീരോടെ, കൃഷ്ണ പാദങ്ങള് കഴുകി അഗ്രാസനത്തിലിരുത്തി. അര്ഘ്യ പാദ്യങ്ങള് കൊണ്ടു മൂടി. ഭക്തരുടെ കണ്ണീരില് മാത്രം ദര്ശിക്കാന് കഴിയുന്ന കൃഷ്ണ പാദങ്ങള്, മോക്ഷ ദായകവും, പുണ്യഫല പ്രദവുമാണ്. തീര്ച്ചയായും സഹദേവന്റെ പുണ്യഫലങ്ങള് ഇരട്ടിച്ചു കാണും. ശ്രീകൃഷ്ണനെ അഗ്രാസനത്തിലുപവിഷ്ഠനാക്കിയത് ചേദി രാജാവായ ശിശുപാലനു ഉള്ക്കൊള്ളാനായില്ല. താന് ഭാര്യയാക്കാന് കൊതിച്ച രുഗ്മിണിയെ തന്നില് നിന്നും തട്ടിയെടുത്ത കൃഷ്ണന് ശിശുപാലന് ശത്രു ആയിരുന്നു. അദ്ദേഹം കൃഷ്ണനെ നാരീഹരനെന്നും, ഗോപാലനെന്നും വിളിച്ചു അധിക്ഷേപിച്ചു കൂട്ടത്തില് ഭീഷ്മരെയും വെറുതെ വിട്ടില്ല നദീ പുത്രനെന്നാണ് അദ്ദേഹം ഭീഷ്മരെ സംബോധന ചെയ്തത് . സകലര്ക്കും പ്രിയങ്കരയും അഭീഷ്ട ദായകയുമായ ഗംഗയെ ഒരു അഭിസാരിക എന്നാണ് വീണ്ടും വീണ്ടുമുള്ള പദ പ്രയോഗത്തിലുടെ ശിശുപാലന് വിവക്ഷിച്ചത്. ഭീഷ്മര് ഷണ്ഡനായതു കൊണ്ടാണ് ബ്രഹ്മചര്യം അനുഷ്ഠിച്ച് ധാര്മ്മികനെന്നു നടിയ്ക്കുന്നതെന്നും ശിശുപാലന് പരസ്യമായി വിമര്ശിച്ചു. ശിശുപാലന്റെ വാക്കുകള് സഹനത്തിനപ്പുറമായിട്ടും ഭീഷ്മരും, കൃഷ്ണനും പ്രതികരിച്ചില്ല. പവിത്രമായ അന്തരീക്ഷം കലുഷമാകാതിരിയ്ക്കാന് അവരത്ര മാത്രം സംയമനം പാലിച്ചു. ശിശുപാലന് വസുദേവരുടെ ഇളയപെങ്ങളുടെ മകനായിരുന്നു. തന്മൂലം കൃഷ്ണ ബന്ധുവും, ജന്മനാ ശിശുപാലന് നാലുകൈകളും മൂന്ന് കണ്ണുമുള്ള വികൃത രൂപമായിരുന്നു. ശിശുവിനെ കൊല്ലാന് വിധിയ്ക്കപ്പെട്ടവന്റെ മടിയില് ഇരുത്തിയാല് കുട്ടിയുടെ അശരീരി ഉണ്ടായി. അതറിയാതെ ബലരാമനോടൊപ്പം കൊട്ടാരത്തി കൃഷ്ണന്റെ മടിയില് അവന്റെ അമ്മ യാദൃശ്ചികമായി കുട്ടിയെ കിടത്തി. കുഞ്ഞ് മനുഷ്യ പ്രകൃതിയായി, അതോടെ കൃഷ്ണന് അവന്റെ അന്തകനും. അച്ഛന് പെങ്ങളുടെ ദുഃഖത്തില് സഹതാപം തോന്നിയ കൃഷ്ണന് , ശിശുപാലന്റെ നൂറ്റി ഒന്ന് തെറ്റുകള്ക്ക് താന് മാപ്പു നല്കുമെന്ന് ആശ്വസിപ്പിച്ചു. ഇതൊന്നും അറിയാതെ ശിശുപാലന് കൃഷ്ണനെ പോരിന് വിളിച്ചു. വധുവിനെ കട്ടുകൊണ്ടു പോകുന്ന പോലെയോ, ഗോപസ്ത്രീകളുടെ ഉടുവസ്ത്രം മോഷ്ടിച്ച് മിടുക്കനാകുന്നത് പോലെയോ അല്ല തമ്മില് തമ്മിലുള്ള പോരാട്ടം. ആണത്വമുണ്ടെങ്കില് യുദ്ധത്തിനിറങ്ങി വരുക. ശിശുപാലന്റെ പോര്വിളി ദിഗന്തം കുലുക്കി. കൃഷ്ണന്റെ കണ്ണുകള് രക്ത വര്ണ്ണമായി. അദ്ദേഹം സുദര്ശനം ചുഴറ്റി എറിഞ്ഞു. ശിശുപാലന്റെ ശിരസ്സ് വേറിട്ടു. അതില് നിന്ന് പൊന്തിയ ഒരു ജ്യോതിസ്സ് ഭഗവല് പാദങ്ങളില് അര്ച്ചന നടത്തി. നിഷേധത്തിലൂടെ ശിശുപാലന് വിഷ്ണു ലോകം പ്രാപിച്ചു. നിഷിയ്ക്കുന്നവന്റെ മനസ്സ് ഭജിയ്ക്കുന്നവന്റെ മനസ്സിനെക്കാള് ഏകാഗ്രമെന്ന് ഭഗവാനല്ലാതെ ആര്ക്കാണ് തിരിച്ചറിയാന് കഴിയുക. ഓരോ ജന്മവും ഭഗവല് കാരുണ്യത്തിന് അത്രമാത്രം കടപ്പെട്ടിരിയ്ക്കുന്നു. തന്റെ ദ്വാര പാലകമാരിലോരാളായി പുനര്ജ്ജനിച്ച ശിശുപാലന് ഈ മൃത്യുവിലുടെ ഭഗവാന് മോക്ഷ പ്രാപ്തി നല്കി. ശുഭകരമായി ആരംഭിച്ച മംഗളമായ ചടങ്ങ് അശുഭകരമായി പര്യവസാനിച്ചത്തില്, കൃഷ്ണനുള്പ്പടെ ഏവരും ദുഖിച്ചു. ക്ഷണിയ്ക്കപ്പെട്ട രാജാക്കന്മാര് ഒന്നൊന്നായി യാത്ര പറഞ്ഞു മടങ്ങി. ദുര്യോധനന്, യുധിഷ്ഠിരന്റെ രാജസഭ ഒന്ന് ചുറ്റി നടന്നു കാണാന് ആഗ്രഹിച്ചു. ഉള്ളില് നിറഞ്ഞു പൊന്തിയ അസൂയയോടെ രാജ സഭയില് കാലെടുത്തുവെച്ച ദുര്യോധനന്, സ്ഥലജല വിഭ്രാന്തിയ്ക്കടിമയായി, കാലിടറി വീണു - പാവം! ജലമെന്നു കരുതി വസ്ത്രം അല്പം പൊക്കി കാലെടുത്തു വെച്ചത് പളുങ്ക് പാകിയ തറയിലായിരുന്നു. മട്ടുപാവിലിരുന്ന് , ദുര്യോധനന്റെ ഈ ജ്യാള്യത കണ്ട ദ്രൌപദിയ്ക്ക് ചിരി അടക്കാനായില്ല - കുലനാശത്തിന്റെ ആദ്യ മണിയൊച്ചയായിരുന്നു ആ വീഴ്ചയും, അതിനോടനുബന്ധിച്ച ചിരിയുമെന്ന് പലരും അറിയാതെ പോയി. പാണ്ഡവരുടെ സര്വ്വ സ്വത്തും തന്റെ അധീനതയില് വരുത്തുവാനുള്ള തന്ത്രം അടുത്ത പടിയായി ദുര്യോധനന് തന്റെ അമ്മാവന് ശകുനിയുമായി ആലോചിച്ചു. ചൂതുകളി ഒരു ലഹരിയായി എക്കാലവും തലയ്ക്ക് പിടിച്ചിരുന്ന യുധിഷ്ഠിരനെ കള്ള ചൂതിലുടെ കെണിയില് പെടുത്താനുള്ള തന്ത്രം അവര് മിനഞ്ഞെടുത്തു. ധൃതരാഷ്ട്രരുടെ മുന്നില് ദുര്യോധനന് പ്രശ്നം അവതരിപ്പിച്ചു. ഉള്ളില് പുത്രനെ അഭിനന്ദിച്ചെങ്കിലും, പുറമേ അദ്ദേഹം മകനെ ഉപദ്ദേശിച്ചു. മകനെ! നിന്റെ ബുദ്ധി തലതിരിഞ്ഞാണ് പ്രവര്ത്തിയ്ക്കുന്നത്. ഈ പണി നാശത്തിലേയ്ക്ക് വഴി തുറയ്ക്കും. ദുര്യോധനന് ആത്മഹത്യ ഭീഷണി മുഴക്കി. ധൃതരാഷ്ട്രരുടെ കുടില ബുദ്ധി വീണ്ടും ഉണര്ന്നു. എന്റെ കുഞ്ഞേ! നിന്റെ ബുദ്ധി ഫലവത്താക്കാന് ഞാന് ഒരു വഴി പറയാം. നമുക്ക് ഹസ്തിനപുര പ്രാന്തമായ ജയന്ത ത്തില് ഒരു സഭ നിര്മ്മിയ്ക്കാം. പണി പൂര്ത്തികരിച്ച ശേഷം, സഭ കാണാനായി നമുക്ക് പാണ്ഡവരെ ക്ഷണിയ്ക്കാം. ഈ സന്ദര്ഭം നിനയ്ക്ക് തന്ത്ര പരമായി പ്രയോജനപ്പെടുത്താം. തന്നേക്കാള് കുടില ബുദ്ധിയായ അച്ഛനെ, ദുര്യോധനന് സ്നേഹം കൊണ്ട് വീര്പ്പുമുട്ടിച്ചു. ചതിയിലൂടെ നേടിയെടുക്കുന്ന സന്തോഷം ക്ഷണികമാണെങ്കിലും അതിന് വീഞ്ഞിന്റെ ലഹരിയാണ്. കരള് നശിയ്ക്കുമെന്നറിഞ്ഞാലും വീണ്ടും വീണ്ടും കുടി കുടിയനെപ്പോലെ, ഒന്ന് സ്വയം നശിയ്ക്കുന്നു. മറ്റൊന്ന് മറ്റുള്ള വരെ നശിപ്പിയ്ക്കുന്നു. ദുര്യോധനനു പാണ്ഡവരോടോഴിച്ചു മറ്റാരോടും ശത്രുത ഉണ്ടായിരുന്നില്ല. അദ്ദേഹം പ്രജാക്ഷേമ തല്പരനും ആശ്രിതവത്സലനുമായ രാജാവായിരുന്നു. ഉള്ളിലൊന്നു, പുറമേ മറ്റൊന്ന്, ആ ബുദ്ധി അച്ഛനോളം, മകനില്ല, ഒന്ന് കുടിലതയും, മറ്റൊന്ന് അസഹിഷ്ണുതയും.
No comments:
Post a Comment