
Sunday, 15 September 2013
മഹാഭാരതം ഭാഗം 14
പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്‍ട്ട് 3(തുടർച്ച)
യുധിഷ്ടരനും,യക്ഷനും...
ഗന്ധമാദനത്തില്‍ നിന്ന് ഇറങ്ങും വഴി അവര്‍ വൃഷപര്‍വ്വാവിന്റെ രാജ്യത്ത് കുറച്ചു നാള്‍ കഴിച്ചുകുട്ടി. വെറുതെ സമയം കളയുന്നത് ഭീമന്‍ ഏറെ ദുഷ്ക്കരമായിരുന്നു. അദ്ദേഹം പുറത്തിറങ്ങി പല സ്ഥലങ്ങളും ചുറ്റി സഞ്ചരിച്ചു. ഇടയ്ക്ക് ക്ഷീണം തീര്‍ക്കാന്‍ ഒരു മരത്തണലില്‍ വിശ്രമിച്ചു. ആ മരത്തില്‍ ചുറ്റി കിടന്നിരുന്ന മലമ്പാമ്പ് ഭീമന്റെ ശരീരം വരിഞ്ഞു മുറുക്കി. മലമ്പാമ്പിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഭീമന്‍ തന്റെ കരുത്ത് മുഴുവന്‍ പ്രയോഗിച്ചു. തന്റെ ശ്രമങ്ങളെല്ലാം വിഫലമായപ്പോള്‍, താന്‍ മലമ്പാമ്പിനു ഭക്ഷണമായെന്നു തന്നെ അദ്ദേഹം നിനച്ചു.' എന്നേക്കാള്‍ കരുത്തനായ താങ്കള്‍ വെറും ഒരു നിസ്സാരക്കാരനല്ല. മരണത്തില്‍ എനിയ്ക്ക് ഭയമില്ല. എനിയ്ക്ക് അങ്ങയോടു ഒരപേക്ഷയുണ്ട്. മലമ്പാമ്പ് ചോദ്യരൂപേണ പിടി അല്പം അയച്ചു. ഭീമന്‍ പറഞ്ഞു. ഞാന്‍ പാണ്ഡവരില്‍ രണ്ടാമനായ ഭീമസേനനാണ്. എന്റെ ജ്യേഷ്ഠന്‍ യുധിഷ്ഠരന്‍ ഇന്ദ്രപ്രസ്ഥം ഭരിച്ചിരുന്ന വിഖ്യാതനായ രാജാവായിരുന്നു. ഞങ്ങള്‍ക്ക് ഈ ദുര്‍വിധി വരാന്‍ കാരണക്കാരായവര്‍ക്കെതിരെ ഞാന്‍ ചില ശപഥങ്ങള്‍ ചെയ്തിട്ടുണ്ട്. അത് പാലിയ്ക്കാനുള്ള സാവകാശം അങ്ങെനിയ്ക്ക് തരണം.
പാണ്ഡവര്‍ എന്ന് കേട്ടപ്പോള്‍ മലമ്പാമ്പായ നഹുഷന്റെ മനസ്സില്‍ ഒരു ഉള്‍ചേതനയുടെ ഉറവുണ്ടായി. താങ്കളുടെ ജ്യേഷ്ഠന്‍ യുധിഷ്ടരന്‍ ഇപ്പോള്‍ എവിടെയാണ്. എനിയ്ക്ക് അദ്ദേഹത്തെക്കാണാന്‍ തിടുക്കമുണ്ട്. ഈ സമയം ഭീമനെക്കാണാഞ്ഞതില്‍ ആധിപൂണ്ട് ധര്‍മ്മപുത്രര്‍ അവിടെ എത്തി. തന്റെ സഹോദരന്റെ മേലുള്ള പിടിവിടുവാന്‍ അദ്ദേഹം പാമ്പിനോട് ദയനീയമായി അപേക്ഷിച്ചു ' രാജാവേ ! അങ്ങൊരു ധര്‍മ്മിഷ്ടനാണല്ലോ. ഞാന്‍ നഹുഷനാണ്. അഗസ്ത്യ ശാപത്താല്‍ എനിയ്ക്ക് മലമ്പാമ്പായി ജനിയ്ക്കേണ്ടി വന്നു. എനിയ്ക്ക് ശാപമോക്ഷം കിട്ടണമെങ്കില്‍, ധര്‍മ്മ ശാസ്ത്രത്തിന്റെ നിഗൂഢതത്വങ്ങളെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങള്‍ക്ക് അങ്ങ് ഉത്തരം നല്‍കണം.
തന്റെ സഹോദരനെ മോചിപ്പിയ്ക്കാനുള്ള വ്യഗ്രതയില്‍ അദ്ദേഹം ഇപ്രകാരം പ്രതികരിച്ചു.' എന്നാല്‍ കഴിയും വിധം ശ്രമിയ്ക്കാം. താങ്കള്‍ ദയവായി ചോദിച്ചാലും!
നഹുഷന്‍ :- ബ്രാഹ്മണന്റെ ലക്ഷണമേന്ത് ?
യുധിഷ്ഠരന്‍ :- സത്യം, പരോപകാര തല്‍പരത, ദീനാനുകമ്പ, ക്രൂരകൃത്യങ്ങളോടുള്ള വിമുഖത. തപ:ശക്തി
നഹു :- പരമജ്ഞാനമെന്നലെന്താണ് ?
യുധി :- ബ്രഹ്മ ജ്ഞാനമാണ് പരമജ്ഞാനം. ഇത് സ്ഥൂല, സൂക്ഷ്മ കാരണങ്ങള്‍ക്കപ്പുറമുള്ള പരമപദം തന്നെ. ഇവര്‍ക്ക് സുഖവും, ദുഃഖവും ഒരു പോലെയാണ്. ഒരേ തരത്തിലുള്ള സന്മാനോഭാവം. യഥാര്‍ത്ഥ ജ്ഞാനം തന്നെ ബ്രഹ്മ ജ്ഞാനം.
പിന്നെയും നഹുഷന്‍ പലതും ചോദിച്ചു. എല്ലാറ്റിനും മറുപടി ഏറെ എളിമയോടെ പറഞ്ഞ യുധിഷ്ഠരനില്‍ നഹുഷന്‍ തൃപ്തനായി. അദ്ദേഹത്തിന്‍ ശാപമോക്ഷം കിട്ടി. ഭീമന്‍ മോചിതനാകുകയും ചെയ്തു. തിരിച്ചു കാമ്യക വനത്തിലെത്തി ചേര്‍ന്ന അവരെ കാണാന്‍ ശ്രീകൃഷ്ണനും, ഋഷികളും എത്തിചേര്‍ന്നു. കൃഷ്ണന്റെ സന്ദര്‍ശനത്തില്‍ പാണ്ഡവര്‍ എല്ലാ ദുഃഖങ്ങളും മറന്നു. സര്‍വ്വവും ആ കാല്‍ക്കല്‍ അര്‍പ്പിച്ച അവരുടെ ആനന്ദം അവാച്യമായിരുന്നു.
ഇതിനിടയില്‍, ഹസ്തിനപുരത്തിലെത്തിയ ഒരു ബ്രാഹ്മണനില്‍ നിന്ന് പാണ്ഡവര്‍ക്ക് ദത്തമായ ദിവ്യാസ്ത്രങ്ങളെ പറ്റി ദുര്യോധനന്‍ അറിഞ്ഞു. മരവുരി ധരിച്ചുള്ള അവരുടെ രൂപം മനസ്സില്‍ക്കണ്ട ദുര്യോധനാദീകള്‍ക്കും, രാധേയനും അവരെ ആ വേഷത്തില്‍ ഒന്ന് നേരില്‍ക്കാണാന്‍ മോഹമായി. പല വഴികളും അവര്‍ മനസ്സില്‍ക്കണ്ട് . അടുത്ത ദിവസം ദ്വൈത പര്‍വ്വതത്തിനരികിലെ ഗോശാല സന്ദര്‍ശിയ്ക്കാനെന്ന നാട്യത്തില്‍ അവര്‍ ദ്വൈത വനത്തിലെത്തി. ഒരു തടാകക്കരയില്‍ അവര്‍ തമ്പടിച്ചു. അവരോടൊപ്പം അന്ത:പുര സ്ത്രീകളും പരിചാരകരുമുണ്ടായിരുന്നു. തടാകത്തില്‍ സ്ത്രീകളുമായി ക്രീഡിക്കാന്‍ ദുര്യോധനന്‍ ഒരുക്കം തുടങ്ങി. തടാകത്തില്‍ ക്രീഡിച്ചിരുന്ന ഗന്ധര്‍വ്വന്‍ ദുര്യോധനനെ തടഞ്ഞു. വാക്കേറ്റം ചെറിയ തോതിലുള്ള യുദ്ധത്തിലേയ്ക്ക് വഴിയിട്ടു. ചെറുത്തുനിന്ന രാധേയന്‍ ഒടുവില്‍ ഗന്ധര്‍വ്വാസ്ത്രത്തോട് കിടപിടിയ്ക്കാനാകാതെ പിന്‍തിരിഞ്ഞോടി. കൂടെയുണ്ടായിരുന്ന അനുചരന്മാരും തോറ്റു പിന്‍വാങ്ങി. ദുര്യോധനനെ ഗന്ധര്‍വ്വന്‍ കീഴ്പ്പെടുത്തി. കൈകാലുകള്‍ ബന്ധിച്ചു. വിവരം ദുര്യോധനന്റെ സംഘത്തില്‍ പെട്ട രണ്ടുപേര്‍ പാണ്ഡവരെ അറിയിച്ചു. യുധിഷ്ഠരന്‍, ആപല്‍ഘട്ടത്തില്‍ ദുര്യോധനനെ രക്ഷിയ്ക്കണമെന്ന തന്റെ ആഗ്രഹം ന്യായാന്യായങ്ങള്‍ നിരത്തി സഹോദരങ്ങളെ ബോദ്ധ്യപ്പെടുത്തി.' ദുര്യോധനന്‍ നമ്മുടെ ശത്രു ആണെങ്കിലും നമ്മുടെ സഹോദരന്‍ കൂടിയാണെന്നത് വിസ്മരിക്കരുത്. അവന്‍ എത്ര താന്തോന്നിയാണെങ്കിലും, മൂന്നാമതൊരാള്‍ അവനെ കീഴ്പ്പെടുത്തുന്നത് എനിയ്ക്ക് സഹിയ്ക്കില്ല. നിങ്ങള്‍ എതു വിധേനയും ദുര്യോധനനെ രക്ഷിയ്ക്കണം. എതിര്‍ക്കാന്‍ ചെന്ന പാണ്ഡവര്‍ക്ക് മുന്‍പില്‍ ഗന്ധര്‍വ്വന്‍ ഒരു നിര്‍ദ്ദേശം വെച്ചു. നമുക്ക് ഇയാളെ യുധിഷ്ഠര സവിധത്തിലെത്തിയ്ക്കാം. അദ്ദേഹം അനുവദിച്ചാല്‍ ഞാന്‍ ദുര്യോധനനെ വിട്ടയക്കാം . ഗന്ധര്‍വ്വന്‍ ദുഷ്ടനായ ദുര്യോധനനെ യുധിഷ്ഠരനരികിലെത്തിച്ചു. ലജ്ജിതനായി തലകുമ്പിട്ടു നില്‍ക്കുന്ന ദുര്യോധനനെ നോക്കി യുധിഷ്ഠരന്‍ പറഞ്ഞു. ദുര്യോധനാ! നീ ഞങ്ങളുടെ സഹോദരനാണ്. നിനക്ക് പക്ഷേ ആ തിരിച്ചറിവില്ലാതെ പോയി കഷ്ടം നിന്നെ മറ്റൊരാള്‍ കീഴ്പ്പെടുത്തുന്നത് ഞാന്‍ സഹിയ്ക്കില്ല. നിന്റെ വിധി ന്യായങ്ങള്‍ പലപ്പോഴും നീതിയ്ക്ക് നിരക്കാത്തതായിരുന്നെങ്കിലും ഞാന്‍ നിന്നെ രക്ഷിയ്ക്കും! ഗന്ധര്‍വ്വന്‍ ദുര്യോധനനെ മുക്തനാക്കി. ഇളഭ്യനായി ഒരു നന്ദി വാക്കുപോലും പ്രകടിപ്പിയ്ക്കാതെ ദുഷ്ട ചിത്തനായ ദുര്യോധനന്‍ സ്ഥലം വിട്ടു. ഇന്ദ്ര നിയുക്തനായ ചിത്രസേനനെന്ന ഗന്ധര്‍വ്വന്‍ ഇന്ദ്രപുരിയിലെയ്ക്ക് മടങ്ങി.
ആത്മാഭിമാനത്താല്‍ ഉദ്ധുതനായ ദുര്യോധനന്‍ തന്റെ മാനത്തിനു ക്ഷതം വന്നപ്പോള്‍ സ്വയം ജീവനൊടുക്കാന്‍ തുനിഞ്ഞു. അദ്ദേഹം ദുശ്ശാസനനെ രാജാവായി അഭിഷേകം ചെയ്യാന്‍ ഒരുമ്പെട്ടു. എന്നാല്‍ കലിയുടെ അതിപ്രേരണ അദ്ദേഹത്തിലെ ദുഷ്ട ചിന്തയ്ക്കും, അതിമോഹത്തിനും ആക്കം കൂട്ടി. കൂട്ടത്തില്‍ രാധേയ, ശകുനി പ്രഭൃതികളുടെ ആശ്വാസ വാക്കുകളും.
ദുര്യോധനന്റെ ഒരേ ഒരു പെങ്ങളായ ദുശ്ശളയുടെ ഭര്‍ത്താവായിരുന്നു സിന്ധുനരേശനായ ജയദ്രഥന്‍. ആരിലും കണ്ട മാത്രയില്‍ തന്നെ മോഹം ജനിപ്പിയ്ക്കുന്ന സൌന്ദര്യത്തിനുടമയായിരുന്നു ദ്രൗപദീ. ദൈവാംശമുള്ള ആ സതീ രത്നത്തെ അനാവശ്യമായി ഒന്ന് നോക്കുവാന്‍ കൂടി പലരും ഭയപ്പെട്ടിരുന്നു. ആ മോഹം മനസ്സിലുദിയ്ക്കുന്ന മാത്രയില്‍ പലരും അകാരണമായ ഭയത്തിനോ, വീഴ്ച്യ്ക്കോ അടിപ്പെടുന്നു. ത്രേതായുഗത്തിലെ സീതയുടെ മുഗ്ദ്ധ സൌന്ദര്യം ആകാരം പൂണ്ട് ദ്രൗപദീയില്‍ നിറഞ്ഞു നിന്നിരുന്നു. വിജനമായ കാമ്യക വനത്തില്‍, ഏകയായി നില്‍ക്കുന്ന ദ്രൗപദീയില്‍ സ്വയംവര പന്തലില്‍ നടക്കാതെ പോയ തന്റെ മോഹത്താല്‍ മത്തനായ ജയദ്രഥന്‍ ആകൃഷ്ടനായി. കുലഗുരുവായ ധൌമ്യന്റെ എതിര്‍പ്പിനെ വകവെയ്ക്കാതെ ജയദ്രഥന്‍ ദ്രൗപദീയെ പൊക്കി എടുത്ത് തന്റെ തേരിനരികിലേയ്ക്ക് നടന്നു. ദ്രൗപദീയുടെ നിലവിളി കേട്ട് ഓടി എത്തിയ ഭീമസേനന്‍ ജയദ്രഥനോട് യുദ്ധം ചെയ്തു, ദ്രൗപദീയെ മോചിപ്പിച്ചു. അതൊരു പകയായി ഇരുകൂട്ടരും മനസ്സില്‍ കുറിച്ചു.
പന്ത്രണ്ടു വര്‍ഷങ്ങള്‍ തീരാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമേ അവശേഷിപ്പൂ. പാണ്ഡവര്‍ അജ്ഞാത വാസക്കാലത്തെയ്ക്കുള്ള തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരുന്നു. ഒരു പ്രഭാതത്തില്‍, പാണ്ഡവരെ അന്വേഷിച്ചു ഒരു ബ്രാഹ്മണന്‍ എത്തി. അദ്ദേഹം അഗ്നിയുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന അരണി ഒരു മാന്‍ എടുത്തു കൊണ്ട് പോയി. നിങ്ങള്‍ എതു വിധേനയും ആ അരണി എനിയ്ക്ക് വീണ്ടെടുത്ത് തരണം. പാണ്ഡവര്‍, ബ്രാഹ്മണന്‍ ചൂണ്ടിക്കാണിച്ച ദിക്കു നോക്കി മാനിനെ അന്വേഷിച്ചിറങ്ങി. നടന്നവശരായതല്ലാതെ മാനിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ഷീണിതനായ യുധിഷ്ഠരന്‍, നകുലനോട് കുറച്ചു ജലം സംഭരിച്ചു വരുവാന്‍ നിര്‍ദ്ദേശിച്ചു. അടുത്തൊരു തടാകം നകുലന്റെ ശ്രദ്ധയില്‍ പെട്ടൂ. നകുലന്‍ തടാകത്തിലിറങ്ങിയപ്പോള്‍ പൊടുന്നനെ ഒരശരീരി ശ്രവിച്ചു. എന്റെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കാതെ അങ്ങ് തടാകത്തില്‍ നിന്ന് ജലം കുടിയ്ക്കരുത്. സ്വയം ജീവന്‍ അപായപ്പെടാതെ ശ്രദ്ധിയ്ക്കുക. നകുലന്‍ ആ അശരീരി വകവെയ്ക്കാതെ, തടാകത്തിലെ ജലം കുടിയ്ക്കുകയും, കുഴഞ്ഞു വീണു മരിയ്ക്കുകയും ചെയ്തു. തിരഞ്ഞിറങ്ങിയ പാണ്ഡവരോരുത്തരും അശരീരി ചെവിക്കൊള്ളതെ തടാകത്തിലിറങ്ങി ജലം കുടിച്ചു മൃതരായി. അനുജന്മാരെ തിരക്കി ഇറങ്ങിയ യുധിഷ്ഠരനും തടാകക്കരയിലെത്തി. തന്റെ സഹോദരങ്ങള്‍ മരിച്ചു കിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടൂ. സ്വയം തേങ്ങുന്നതിനിടയില്‍ അദ്ദേഹം വിതുമ്പി. അജയ്യരായ എന്റെ സഹോദരന്മാരെ ആരാണ് കൊന്നത്? ദുര്യോധനന്റെ ചാരന്മാരാണോ ഈ ജലത്തില്‍ വിഷം കലര്‍ത്തിയത് ഞാന്‍ മൂലം എന്റെ സഹോദരങ്ങള്‍ക്ക് ഈ ദുര്‍ഗതി വന്നു. ഈ ജലം കുടിച്ചു ഞാനും എന്റെ ജീവന്‍ അവസാനിപ്പിയ്ക്കുന്നുണ്ട്. തേങ്ങിക്കൊണ്ട് അദ്ദേഹം തടാകത്തിലിറങ്ങി. മുന്‍പറഞ്ഞ അശരീരി അദ്ദേഹവും കേട്ടു. താങ്കള്‍ ആരാണ്? ദയവായി എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുക. ഞാനൊരു യക്ഷനാണ്. ഈ തടാകവും ഇതിലെ ജലവും എന്റെ നിയന്ത്രണത്തിലാണ്. എന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ ഇതിലെ ജലം എടുക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. താങ്കളുടെ സഹോദരന്മാര്‍ എന്റെ വാക്ക് പാഴ്വാക്കായി കരുതി, മരണം കൈനീട്ടി വാങ്ങി. എനിയ്ക്ക് ദുഃഖമുണ്ട്. ബീഭത്സരൂപിയായ ഒരു യക്ഷന്‍ യുധിഷ്ഠരന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. യുധിഷ്ഠരന്‍ യക്ഷന്റെ മുമ്പില്‍ കൈകൂപ്പി. അങ്ങയുടെ അനുവാദമില്ലാതെ ഞാനീ തടാകത്തിലെ ജലം പാനം ചെയ്യില്ല. എന്താണങ്ങയുടെ ആവശ്യം. അങ്ങയ്ക്ക് എന്തിനെക്കുറിച്ചാണറിയേണ്ടതു ചോദിച്ചോള്ളൂ. ഞാന്‍ എന്നാല്‍ കഴിയും വിധം മറുപടി നല്കാം. യക്ഷന്‍ ധര്‍മ്മ ശാസ്ത്രങ്ങളെ പറ്റി ചില ചോദ്യങ്ങള്‍ ചോദിച്ചു. ഭാരത കഥയിലെ ഈ യക്ഷ പ്രശ്നം പല പ്രകാരത്തിലും പ്രസ്താവ്യമാണ്.
യക്ഷ ചോദ്യം :- സൂര്യന്‍ ഉദിയ്ക്കുന്നതു എന്തുകൊണ്ട് ?
യുധിഷ്ഠരന്‍ :- ബ്രഹ്മാവ് സൂര്യനെ ഉദിപ്പിയ്ക്കുന്നു.
ചോദ്യം :- അദ്ദേഹത്തിന്‍ തുണയാരുണ്ട് ?
ഉത്തരം :- ദേവന്മാര്‍ അദ്ദേഹത്തിന്‍ തുണ നില്‍ക്കുന്നു.
ചോദ്യം :- സൂര്യന്‍ അസ്തമിയ്ക്കുന്നതിന്‍ കാരണക്കാരന്‍ ആര് ?
ഉത്തരം :- ധര്‍മ്മമാണതിന്‍ കാരണക്കാരന്‍.
ചോദ്യം :- ആരെ ആശ്രയിച്ചാണ് സൂര്യന്‍ നിലക്കൊള്ളുന്നതു ?
ഉത്തരം :- സൂര്യന്‍ സത്യത്തില്‍ നിലകൊള്ളുന്നു.
ചോദ്യം :- ഒരുവനെ വിദ്വാനാക്കുന്നതെന്താണ് ?
ഉത്തരം :- ശ്രുതി, അദ്ധ്യാപനമാണോരുവനെ വിദ്വാനാക്കുന്നത്.
ചോദ്യം :- മനുഷ്യന്‍ മഹത്തത്വത്തെ പ്രാപിയ്ക്കുന്നതെങ്ങനെ ?
ഉത്തരം :- സുഖ ഭോഗങ്ങളിലുള്ള വിരക്തി മൂലം.
ചോദ്യം :- മനുഷ്യന്‍ സന്തത സഹചാരിയെ നേടാനുള്ള വഴി ?
ഉത്തരം :- സ്ഥിത പ്രജ്ഞത്വം സഹായിയ്ക്കുന്നു.
ചോദ്യം :- സ്ഥിത പ്രജ്ഞത്വം എങ്ങനെ നേടാം ?
ഉത്തരം :- വൃദ്ധ സേവ മൂലം
ചോദ്യം :- വേദം പഠിയ്ക്കുന്ന ബ്രാഹമണന്‍ ദിവ്യനാണങ്കിലും ദേവനായി തീരാത്തതെന്തു കൊണ്ട് ?
ഉത്തരം :- ബ്രാഹ്മണനു മരണമുണ്ട്. ദേവന്‍ അമരനാണ്.
ചോദ്യം :- ക്ഷ്ത്രിയന്മാരുടെ ദിവ്യത്വം എന്തിലാണ് ? അവര്‍ ഈശ്വര ഭക്തരാകുന്നതെങ്ങനെ ?
ഉത്തരം :- ക്ഷത്രിയന്മാരുടെ ദിവ്യത്വം അസ്ത്രങ്ങളിലും ആയുധങ്ങളിലും നിലകൊള്ളുന്നു. അവര്‍ യാഗം നടത്തി ഈശ്വര പ്രീതി നേടുന്നു. ശ്രേഷ്ഠമായ ഭരണത്തിലൂടെ ജനപ്രീതി നേടുന്നു.
ചോദ്യം :- സാമം എന്നാലെന്താണ്? യജുസ്സ് എന്നാലെന്താണ്?
ഉത്തരം :- സാമം ജീവനാണ്. മനസ്സ് യജുസ്സാണ്. യാഗത്തിനഭയ സ്ഥാനം ഋക്കാണ്.
ചോദ്യം :- ഐഹിക സുഖങ്ങള്‍ അനുഭവിയ്ക്കുന്ന ഒരാള്‍ ശ്വാസോച്ഛാസം ചെയ്യുന്നുണ്ട്ങ്കിലും മരിച്ചതിനു തുല്യമെന്ന് പറയുന്നതെന്തു കൊണ്ട് ?
ഉത്തരം :- അയാള്‍ ദേവന്മാര്‍ക്കോ, അതിഥികള്‍ക്കോ, പിതൃക്കള്‍ക്കോ ഭൃത്യന്‍മാര്‍ക്കോ ഒന്നും നല്‍കുന്നില്ലെങ്കില്‍ ജന്മത്തിനര്‍ത്ഥമില്ല.
ചോദ്യം :- ഭൂമിയെക്കാള്‍ ഘനമുള്ളതെന്താണ്?
ഉത്തരം :- അമ്മയ്ക്ക് ഭൂമിയെക്കാള്‍ തൂക്കമുണ്ട്.
ചോദ്യം :- സ്വര്‍ഗ്ഗത്തെക്കാള്‍ ഉപരിയായതെന്താണ്?
ഉത്തരം :- പിതാവ്
ചോദ്യം :- കാറ്റിനേക്കാള്‍ വേഗമുള്ളതെന്താണ്?
ഉത്തരം :- ഒരുവന്റെ മനസ്സ്.
ചോദ്യം :- പുല്ലിനേക്കാള്‍ കൂടുതല്‍ വളരുന്നത്?
ഉത്തരം :- ഒരുവന്റെ ചിന്തകള്‍
ചോദ്യം :- എല്ലാ സ്വത്തുക്കളിലും വെച്ച് വിലപ്പെട്ടത്?
ഉത്തരം :- വിദ്യാ അഥവാ ജ്ഞാനം.
ചോദ്യം :- മനുഷ്യനു ദേവകള്‍ നല്‍കിയ മിത്രം ?
ഉത്തരം :- അഗ്നി സാക്ഷിയായി അവന്‍ പരിണയിച്ച ഭാര്യ.
ചോദ്യം :- എന്തുപേക്ഷിച്ചാലാണ് ഒരുവന്‍ ധനവാനാകുക ?
ഉത്തരം :- തൃഷ്ണ ഉപേക്ഷിച്ചാല്‍.
ചോദ്യം ;- എന്തുപേക്ഷിച്ചാലാണ് ദുഖിയ്ക്കേണ്ടി വരാത്തത് ?
ഉത്തരം ;- കോപം ഉപേക്ഷിയ്ക്കുക
ചോദ്യം ;- കൃപ എന്നാലെന്താണ് ?
ഉത്തരം ;- സകലര്‍ക്കും സുഖം ഇച്ഛിയ്ക്കുന്നത്.
ചോദ്യം ;- ആര്‍ജ്ജവം എന്നാലെന്ത് ?
ഉത്തരം ;- ഹൃദയത്തിന്റെ സമചിത്തത
ചോദ്യം ;- മാറാരോഗമേന്താണ് ?
ഉത്തരം ;- അത്യാഗ്രഹം
ചോദ്യം ;- അജ്ഞത എന്നാലെന്ത് ?
ഉത്തരം ;- സ്വകൃത്യം എന്തെന്ന് അറിയായ്ക
ചോദ്യം ;- ആലസ്യം എന്താണ്?
ഉത്തരം ;- കര്‍മ്മത്തിനോടുള്ള വിമുഖത ( മടി )
ചോദ്യം ;- എന്താണ് ക്ഷമ?
ഉത്തരം ;- ഇന്ദ്രിയ നിഗ്രഹം തന്നെ ക്ഷമ
ചോദ്യം ;- യഥാര്‍ത്ഥ സ്നാനമെന്താണ്?
ഉത്തരം ;- മനോ മാലിന്യമകറ്റലാണ് ശരിയായ സ്നാനം.
ചോദ്യം ;- ശരിയായ മാര്‍ഗ്ഗമെന്താണ്?
ഉത്തരം ;- വാദം കൊണ്ട് ഒന്നും തന്നെ തീരുമാനിയ്ക്കുന്നില്ല. ശ്രുതികള്‍ പരസ്പര വിരുദ്ധമാണ്. ഒരു ഋഷിയുടെ വാക്കും കുറ്റമറ്റതാകുന്നില്ല. മതങ്ങളെ പറ്റിയും ധര്‍മ്മത്തെ പറ്റിയുള്ള സത്യം ഗുഹകളില്‍ ഒളിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതുകൊണ്ട് മഹാന്മാര്‍ തെളിച്ച പന്ഥാവാണ് ശരിയായ മാര്‍ഗ്ഗം.
ചോദ്യം ;- വിജ്ഞാനമെന്താണ് ?
ഉത്തരം ;- അവിദ്യ നിറഞ്ഞ ഈ ലോകം ഒരു പാത്രം പോലെയാണ്. സൂര്യന്‍ അഗ്നിയാണ്, ദിനരാത്രങ്ങള്‍ ഇന്ധനമാണ്. മാസങ്ങളും ഋതുക്കളും അതിലെ ചട്ടകമാണ്. ആ പാത്രത്തില്‍ എല്ലാ ജീവജാലങ്ങളെയും പാചകം ചെയ്യുന്ന പാചകക്കാരനാണ് കാലം. ഇതറിയലാണ് വിജ്ഞാനം.
ചോദ്യം ;- എല്ലാ വിധത്തിലുമുള്ള ധനമുള്ളവനാരാണ് ?
ഉത്തരം ;- ഏതൊരുവന്‍, ഇഷ്ടാനിഷ്ടങ്ങള്‍, സുഖ ദുഃഖങ്ങള്‍, ഭൂതം, ഭാവി ഒരേ പോലെ അനുഭവപ്പെടുന്നു. അവന്‍ ധനികന്‍.
യക്ഷന്‍, യുധിഷ്ഠരന്റെ മറുപടിയിലും അദ്ദേഹത്തിന്റെ സ്വഭാവ മഹിമയിലും ഏറെ തൃപ്തനായി. അദ്ദേഹം പറഞ്ഞു താങ്കളുടെ സഹോദരന്മാരില്‍ ഒരാളെ ജീവിപ്പിയ്ക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. ഇവരില്‍ ആരെ ജീവിപ്പിയ്ക്കണമെന്നു തിരഞ്ഞെടുക്കാനുള്ള അവകാശം താങ്കള്‍ക്ക് തരുന്നു.
യുധിഷ്ഠരന്‍ പറഞ്ഞു പ്രഭോ ! എനിയ്ക്കീ നാല്‍വരും ഒരു പോലെയാണ്. ഭീമന്‍ എന്റെ പ്രാണനാണ്, അര്‍ജ്ജുനന്‍ എന്റെ കര്‍മ്മമാണ്, നകുലസഹദേവന്മാര്‍ എന്റെ കൈകാലുകളാണ്, ഞാന്‍ മറ്റെന്തിനെക്കാളും ധര്‍മ്മത്തില്‍, അടിയുറച്ചു വിശ്വസിയ്ക്കുന്നു. ശ്രാദ്ധ കര്‍മ്മങ്ങളിലൂടെ പിതൃക്കള്‍ക്ക് മോക്ഷം സിദ്ധിയ്ക്കുന്നു. എന്റെ അമ്മയായ കുന്തിയ്ക്ക് ഞാനുണ്ട് എന്റെ അച്ഛന്റെ സപത്നിയുടെ മക്കളായ നകുല സഹദേവന്‍മാരില്‍, നകുലന്‍ ജീവിച്ചു കാണാന്‍ ഞാന്‍ ഏറെ ആഗ്രഹിയ്ക്കുന്നു,'
യക്ഷന്‍ പറഞ്ഞു : യുധിഷ്ഠരാ ! താങ്കള്‍ ഒരു മഹാത്മാവാണ്, ഒരു കാലത്തും ഒരിടത്തും അങ്ങയെ പോലെ ഒരാളെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. അങ്ങയുടെ എല്ലാ സഹോദരന്മാര്‍ക്കും ഞാന്‍ ജീവന്‍ തിരിച്ചു നല്‍കുന്നുണ്ട്.' സഹോദരന്മാര്‍ ഓരോരുത്തരും ഉറക്കമുണര്‍ന്ന പോലെ എഴുന്നേറ്റു വന്നു. യുധിഷ്ഠരന്‍ അവരെയെല്ലാം അശ്രു പൂര്‍ണ്ണ നേത്രത്തോടെ ആശ്ലേഷിച്ചു. അദ്ദേഹം യക്ഷനോട് ചോദിച്ചു പ്രഭോ അങ്ങാരാണന്നറീയാന്‍ ഞാന്‍ ഉത്സുകനാണ്. അങ്ങയ്ക്ക് ധര്‍മ്മ തത്വങ്ങള്‍ ഉപദേശിച്ച ഞാന്‍ ഒരു വിഡ്ഢിതന്നെ. അങ്ങ് ഞങ്ങളുടെ പിതാവായ പാണ്ഡുവാണോ? 'യുധിഷ്ഠരന്റെ വിനയത്തില്‍ ആകൃഷ്ടനായ യക്ഷന്‍ തന്റെ ഭീകര രൂപം വെടിഞ്ഞു.' ഞാന്‍ അങ്ങയുടെ പിതാവായ യമധര്‍മ്മ രാജാവാണ്. ഇത്രയും വിനയാന്വിതനും ജ്ഞാനാന്വിതനുമായ അങ്ങ് ഒരു നാള്‍ ലോകം ഭരിയ്ക്കും.' അദ്ദേഹം യുധിഷ്ഠരനെയും, സഹോദരങ്ങളെയും അനുഗ്രഹിച്ചു. എന്നും സത്യത്തില്‍ മാത്രം ചരിയ്ക്കാനുള്ള ശക്തി ഞാനങ്ങയോടപേക്ഷിയ്ക്കുന്നു,' ധര്‍മ്മദേവന്‍ പറഞ്ഞു, കൃഷ്ണനോടൊപ്പം ഞാനെന്നും നിങ്ങള്‍ക്ക് തുണയായുണ്ടാകും. നല്ലത് വരട്ടെ!'(തുടരും)

Subscribe to:
Post Comments (Atom)
No comments:
Post a Comment