Monday, 16 September 2013

മഹാഭാരതം ഭാഗം 15

പരിത്രാണായ സാധൂനാം, വിനാശായ ച ദുഷു്കൃതാം, ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ, സംഭവാമി യുഗേ യുഗേ. മഹാഭാരതം പാര്‍ട്ട്‌ 4(തുടർച്ച)... നീണ്ട പന്ത്രണ്ടു വര്‍ഷത്തിനു ശേഷമുള്ള അജ്ഞാത വാസത്തിനു വേണ്ടി പാണ്ഡവര്‍ തയ്യാറെടുപ്പ് തുടങ്ങി. പല രാജ്യങ്ങളും അവര്‍ക്ക് പ്രിയപ്പെട്ടതായിരുന്നെങ്കിലും അവര്‍ അജ്ഞാതവാസത്തിന്‍ തിരഞ്ഞെടുത്തത് മത്സ്യ രാജ്യത്തിലെ 'വിരാട' നഗരമായിരുന്നു. മദ്ധ്യ വയസ്കനായ അവിടുത്തെ രാജാവിന്റെ ധര്‍മ്മനിഷ്ഠയും ഉദാരമനസ്കതയും ആരുടേയും ഹൃദയം കവരുന്നതാണന്ന കേട്ടറിവ് യുധിഷ്ഠരനുണ്ടായിരുന്നു. വേഷ പ്രച്ഛന്നരാകുമ്പോള്‍ സ്വീകരിയ്ക്കേണ്ട പ്രവര്‍ത്തികളെ പറ്റിയും അവര്‍ തമ്മില്‍ ധാരണയുണ്ടായി. യുധിഷ്ഠരന്റെ ദുഃഖം മുഴുവന്‍ തന്റെ അരുമ സഹോദരനായ ഭീമനെക്കുറിച്ചായിരുന്നു. ഭീമാ ! അങ്ങ് ഏതു രീതിയിലാണ് വിരാട രാജധാനിയില്‍ പ്രവേശിയ്ക്കാനുദ്ദേശിയ്ക്കുന്നത്. എന്റെ ദുഃഖം മുഴുവന്‍ നിന്റെ സാഹസികതയെക്കുറിച്ചും, പിടിച്ചു നിര്‍ത്താനാകാത്ത നിന്റെ വിശപ്പിനെക്കുറിച്ചും ഓര്‍ക്കുമ്പോഴാണ്. ജ്യേഷ്ഠന്റെ ഉത്ക്കണ്ഠ ഭീമനില്‍ ചിരിയുണര്‍ത്തി. ' ജ്യേഷ്ഠാ ! അങ്ങയുടെ സുരക്ഷയ്ക്കപ്പുറം, ഈ ഭീമനെ ക്കുറിച്ച് അങ്ങയ്ക്ക് വേവലാതി വേണ്ട. ഞാന്‍ നല്ലൊരു പാചക വിദഗ്ധനാണ്. വിരാട രാജധാനിയിലെ പാചകശാലയുടെ മേല്‍നോട്ടം ഞാനേറ്റെടുക്കും. പിന്നെ നല്ലൊരു ഗുസ്തിക്കാരനാണന്നും രാജാവിനെ ധരിപ്പിയ്ക്കും. എന്റെ ജ്യേഷ്ഠനു എന്തെങ്കിലും ആപത്ത് പിണഞ്ഞാല്‍ രാജാവ്‌ ഈ ഗുസ്തിക്കാരനെ ആയിരിയ്ക്കുമല്ലോ ആദ്യം വിളിയ്ക്കുക. ' ഭീമന്റെ സ്നേഹത്തിന്‍ മുന്നില്‍ യുധിഷ്ഠരന്റെ കണ്ണ് നിറഞ്ഞു. അദ്ദേഹം ഭീമനെ ആശ്ലേഷിച്ചു. ഉര്‍വ്വശി ശാപം എനിയ്ക്ക് വീണു കിട്ടിയ ഭാഗ്യമാണ് ജ്യേഷ്ഠാ ! ഞാന്‍ സ്ത്രീ വേഷധാരിയായ 'ബ്രുഹന്നള' ആയി രാജകൊട്ടാരത്തില്‍ ആട്ടവും പാട്ടും പഠിപ്പിയ്ക്കാന്‍ കൂടിക്കോളം. നിരന്തരാഭ്യാസം കൊണ്ട് തഴമ്പ് വീണ എന്റെ തോളുകള്‍ അന്യ ദൃഷ്ടിയില്‍ നിന്ന് മറയ്ക്കാനും ഈ വേഷം എനിയ്ക്കുപകരിയ്ക്കും. അര്‍ജുനന്റെ വേഷം ഏവര്‍ക്കും സ്വീകാര്യമായി. ഞാന്‍ നല്ലൊരു അശ്വഹൃദയനാണ്. കൊട്ടാരത്തിലെ കുതിര പന്തിയുടെ മേല്‍നോട്ടമാണ് ഞാനേറ്റെടുക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. കാഴ്ചയില്‍ സുന്ദരനായ നകുലന്റെ തീരുമാനവും അംഗീകരിയ്ക്കപ്പെട്ടു. കുഞ്ഞേ ! സഹദേവാ ! നിന്റെ തീരുമാനം പറയൂ. യുധിഷ്ഠരന്‍ ഏറെ അരുമയോടെ തന്റെ അമ്മയുടെ മാനസ പുത്രനെ നോക്കി. എനിയ്ക്ക് പശുക്കളെ പരിപാലിയ്ക്കുന്നതില്‍ വലിയ താല്പര്യമാണ്. രാജാവിന്റെ ഗോസമ്പത്ത് വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ഞാനെന്റെ കഴിവ് പ്രയോഗിയ്ക്കും. യുധിഷ്ഠരന്‍ ഏറെ അധൈര്യത്തോടെ തങ്ങളുടെ രാജ്ഞിയായ ദ്രൗപദിയെ ചോദ്യരൂപേണ നോക്കി. നിങ്ങള്‍ക്കെല്ലാം ഓരോ വേഷങ്ങള്‍ അണിയാമെങ്കില്‍ എനിയ്ക്കും അതിനു തക്ക വൈഭവമുണ്ട്. ഞാന്‍ സൈരന്ധ്രിയാകും. പല തരത്തില്‍ മാല കെട്ടാനും അലങ്കാര പണികള്‍ ചെയ്യാനും എനിയ്ക്ക് കഴിവുണ്ട്. ഞാന്‍ ശാപഗ്രസ്തരായ അഞ്ചു ഗന്ധര്‍വ്വന്‍മാരുടെ ഭാര്യയാണന്നു രാജ്ഞിയെ അറിയിയ്ക്കും. എന്നില്‍ അനാവശ്യമായി അന്യരുടെ കണ്ണ് പതിഞ്ഞാല്‍ ആ നിമിഷം ഗന്ധര്‍വ്വന്മാര്‍ പറന്നെത്തി അവരെ നിഗ്രഹിയ്ക്കുമെന്നും രാജ്ഞിയെ മുന്‍കൂട്ടി അറിയിയ്ക്കും. ദ്രൗപദിയുടെ വെളിപ്പെടുത്തല്‍ കേട്ട് പാണ്ഡവര്‍ സുസ്മേരത്തോടെ പരസ്പരം നോക്കി. ഭീമന്‍ കയ്യടിച്ചു അഭിനന്ദനം രേഖപ്പെടുത്തി. ആട്ടെ, ഭവതിയുടെ ഗന്ധര്‍വ്വന്മാരുടെ പേര് പറയുക. ഉറക്കെ വിളിച്ചാല്‍ പാഞ്ഞെത്തണമല്ലോ ?. നകുലന്റെ സംശയം ചിരിയുണര്‍ത്തി. എന്നാല്‍ കേട്ടോളു, മൂത്തയാള്‍ ജയന്‍, ജയേശന്‍, വിജയന്‍, ജയസേനന്‍, ഇളയവന്‍ ജയബാലന്‍ പേരുകള്‍ കേട്ട് സഹദേവന്‍ പൊട്ടിച്ചിരിച്ചു. ദ്രൗപദിയെ ചൊടിപ്പിയ്ക്കുന്നത് തെറ്റാണന്നു തോന്നി, മറ്റുള്ളവര്‍ ചിരിയടക്കി. പുഴുക്കേടു പോലെ, കാലക്കേടിനെ പറ്റി സംസാരിയ്ക്കുന്ന ജ്യേഷ്ഠനോട്‌ ഈ ഭീമന്‍ പറയും എല്ലാം അങ്ങൊരാളുടെ ബുദ്ധി മോശം കൊണ്ട് സംഭവിച്ചതാണന്ന്. എങ്കിലും അങ്ങ് ഞങ്ങളുടെ ദൈവമാണ്. ഒരു താഴ്ന്ന പ്രവര്‍ത്തിയും അങ്ങ് ചെയ്യുന്നത് ഞങ്ങള്‍ക്ക് സഹിയ്ക്കില്ല. ഭീമന്റെ പ്രസ്താവന അവര്‍ കയ്യടിയോടെ ഉത്ഘോഷിച്ചു. വീണു കിട്ടുന്ന സന്തോഷത്തിന്റെ നിമിഷങ്ങള്‍ അവര്‍ പലപ്പോഴും ഒരേ മനസ്സോടെ പങ്കുവെച്ചിരുന്നു. എന്നാല്‍ കേട്ടോളു ഭീമാ ! ഞാന്‍ രാജാവിന്റെ ഉപദേശകനാകാനാണ് ഉദ്ദേശിയ്ക്കുന്നത്. വേദജ്ഞാനത്തില്‍ എനിയ്ക്കുള്ള പാണ്ഡിത്യം ഞാന്‍ രാജാവിനുവേണ്ടി ഉപയോഗിയ്ക്കും. വിശ്രമ വേളകള്‍ സന്തോഷ പ്രദമാക്കാന്‍ ചൂതുകളിയിലുള്ള എന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. ഭീമന്‍ പൊട്ടി വിടര്‍ന്ന ഹാസ്യത്തോടെ അര്‍ജജുനന്റെ കയ്യില്‍ കടന്നു പിടിച്ചു. അര്‍ജജുനന്‍ ഭീമനെ നോക്കി കണ്ണിറുക്കി. അവര്‍ തങ്ങളുടെ ഗുരുവായ ധൗമ്യനെ ഒന്നും പുറത്തറിയരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ പാഞ്ചാല രാജധാനിയിലെയ്ക്ക് യാത്രയാക്കി. അടുത്ത പടിയായി ആയുധം സൂക്ഷിച്ച് വെയ്ക്കുന്നതിനെക്കുറിച്ചായി ചര്‍ച്ച. നഗര പ്രാന്തത്തിനോട്‌ ചേര്‍ന്ന ഒരു ശ്മശാന ഭൂമി അവരുടെ ശ്രദ്ധയില്‍ പെട്ടു. അവിടെ പടര്‍ന്നു പന്തലിച്ചു നിന്നിരുന്ന ഒരു ശമീ വൃക്ഷം അവരെ ആകര്‍ഷിച്ചു. ആയുധങ്ങള്‍ തോല്‍ സഞ്ചിയിലാക്കി ഭാണ്ഡ രൂപത്തില്‍ കെട്ടി മരത്തിന്റെ ഉയര്‍ന്ന കൊമ്പില്‍ കെട്ടി തൂക്കാന്‍ അവര്‍ തീരുമാനിച്ചു. ' തല്ക്കാല വിട ' പറയും പോലെ അര്‍ജ്ജുനന്‍ തന്റെ പ്രിയപ്പെട്ട ഗാണ്ഡിവത്തില്‍ ചെറു ഞാണൊലിയിട്ടു. എല്ലാം പ്രത്യേകമായി കെട്ടി, ഭാണ്ഡത്തിലാക്കി പുറമെ ഒരു ചത്ത പശുവിന്റെ ഉണങ്ങിയ തോലുകൊണ്ട് പൊതിഞ്ഞു ആയുധങ്ങള്‍ക്ക് ശീതോഷ്ണം തരണം ചെയ്യുന്നതിന് ഇതാവശ്യമാണന്നവരറിഞ്ഞിരുന്നു. ധര്‍മ്മ പുത്രന്‍ ( യുധിഷ്ഠിരന്‍ ) തന്നെ ആയുധം നിറച്ച ഭാണ്ഡം വൃക്ഷത്തിന്റെ ഉയര്‍ന്ന കമ്പില്‍ കെട്ടിതൂക്കി. അദ്ദേഹം ദേവാധിദേവന്മാരെ ആഹ്വാനം ചെയ്ത് ആയുധങ്ങള്‍ക്ക് കാവലായി നിയോഗിച്ചു. അവരുടെ പ്രവര്‍ത്തികള്‍ സസൂഷ്മം ചില ഗ്രാമ വാസികള്‍ ശ്രദ്ധിച്ചു നിന്നിരുന്നു. അവരോടായി അശ്രു പൂര്‍ണ്ണ നേത്രങ്ങളോടെ ധര്‍മ്മപുത്രന്‍ പറഞ്ഞു. ഞങ്ങള്‍ ദഹനക്രിയയില്‍ വിശ്വസിയ്ക്കാത്ത സമുദായക്കാരാണ്. ഞങ്ങളുടെ മാതാവിന്റെ ജഡമാണ് ഈ ഭാണ്ഡത്തില്‍. ഒരു വര്‍ഷത്തോളം ഞങ്ങള്‍ ആചാരമനുസരിച്ച് ഇവിടെ തൂക്കിയിടും. അതിനുശേഷമേ അനന്തര കര്‍മ്മങ്ങള്‍ നടത്തൂ. അവരുടെ ദുഃഖവും, സംഭാഷണവും കേട്ട ഗ്രാമവാസികള്‍ വിഷമത്തോടെ അവരുടെ വാക്കുകള്‍ സത്യമെന്ന് നിനച്ചു. അടുത്ത പ്രഭാതത്തില്‍, ഗംഗാസ്നാനത്തിനും നിത്യപൂജകള്‍ക്കും ശേഷം യുധിഷ്ഠിരന്‍ ബ്രാഹ്മണ വേഷത്തില്‍ വിരാട രാജധാനിയിലെത്തി. അദ്ദേഹം രാജാവിനെ യഥാവിധി വണങ്ങിയില്ലെങ്കിലും, അദ്ദേഹത്തിന്റെ എളിമയോടെയുള്ള നില്പും, തേജസ്സും കണ്ട് ഒരു ചോദന പോലെ രാജാവ്‌ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. യുധിഷ്ഠിരന് ഹസ്തദാനം ചെയ്തു. രാജ്യം നഷ്ടപ്പെട്ട രാജാവായിരുന്നെങ്കിലും അദ്ദേഹത്തില്‍ ആരും അംഗീകരിയ്ക്കുന്ന വ്യക്തിത്വം പ്രകടമായിരുന്നു _ ഒരു ക്ഷാത്ര തേജസ്സ്. ' ഞാന്‍ ബ്രാഹ്മണ വൈദീകനായ 'കങ്കന്‍ ' ആണ്. മുമ്പ് യുധിഷ്ഠിര മഹാരാജാവിനോടൊപ്പമായിരുന്നു. രാജാവിന്‌ ഭവിച്ച കഷ്ട നഷ്ടങ്ങളെ പറ്റി അങ്ങയ്ക്കും കേട്ടറിവുണ്ടല്ലോ ? തല്ക്കാലം അങ്ങയുടെ കൊട്ടാരത്തില്‍ ഉപദേഷ്ടകനായി കൂടാന്‍ ആഗ്രഹിയ്ക്കുന്നു. എനിയ്ക്ക് ധനത്തിലും ഭോഗ സുഖത്തിലും ലവലേശം താല്പര്യമില്ല. ഒരു കാര്യത്തില്‍ മാത്രമേ എനിയ്ക്ക് നിഷ്ഠയുള്ളൂ _ അന്യര്‍ തൊട്ട് അശുദ്ധമാക്കിയ ഭക്ഷണം ഞാന്‍ കഴിയ്ക്കില്ല. ആഹാരം രാത്രിയില്‍ മാത്രമേ വേണ്ടു ' യാതൊരു വിധ കപട വിനയവുമില്ലാതെ തന്റെതായ ആവശ്യങ്ങള്‍ ഉന്നയിച്ച കങ്കനോട് രാജാവിന്‌ അതിരറ്റ സ്നേഹം തോന്നി. തന്നോടൊപ്പം കൂടിക്കൊള്ളന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അടുത്തടുത്ത ദിവസങ്ങളിലായി മറ്റു പാണ്ഡവരും, ദ്രൗപദിയും, കൊട്ടാരത്തില്‍ തങ്ങള്‍ തങ്ങളുദ്ദേശിയ്ക്കുന്ന തൊഴിലിലേര്‍പ്പെട്ടു. ദ്രൗപദിയുടെ രൂപ സൗന്ദര്യം രാജ്ഞിയില്‍ അകാരണമായ ഒരു ഭയം ജനിപ്പിച്ചു. അത് മനസ്സിലാക്കിയ സൈരന്ധ്രി രാജ്ഞിയെ സമാധാനിപ്പിച്ചു. രാജ്ഞി ഭയപ്പെടേണ്ട ! ഞാനൊരിയ്ക്കലും ഭവതിയുടെ ഭര്‍ത്താവിന്റെ ദൃഷ്ടിയില്‍ പെടാതെ ശ്രദ്ധിയ്ക്കാം. ഭവതി വിചാരിയ്ക്കും പോലെ ഞാന്‍ കന്യകയല്ല. അഞ്ചു ഗന്ധര്‍വ്വന്‍മാരോടൊപ്പം കഴിഞ്ഞു ഭോഗ സുഖങ്ങള്‍ വേണ്ട വിധം അനുഭവിച്ചവളാണ്. നിര്‍ഭാഗ്യവശാല്‍ ശാപഗ്രസ്തരായ അവര്‍ക്ക് എന്നെ ഉപേക്ഷിച്ചു പോകേണ്ടി വന്നു. ഒരു വര്‍ഷം കഴിഞ്ഞു ശാപ മോക്ഷം നേടി അവര്‍ തിരിച്ചെത്തും. ഭവതിയ്ക്ക് എന്നെ ക്കുറിച്ച് തെല്ലും ആശങ്ക വേണ്ട. രാജ്ഞിയ്ക്ക് സന്തോഷമായി. വിരാട രാജധാനിയില്‍, ശങ്കര പ്രീതിയ്ക്കായി നടത്തിയ മഹോത്സവത്തോട് ചേര്‍ന്ന് ഗുസ്തി മത്സരം സംഘടിപ്പിച്ചിരുന്നു. അന്യ ദേശങ്ങളില്‍ നിന്നുപോലും ഗുസ്തിക്കാരെത്തി. പലരെയും കീഴ്പെടുത്തി താനജയ്യനാണെന്ന്‌ സ്വയം വീമ്പിളക്കിയ അന്യ ദേശക്കാരനായ ഗുസ്തിക്കാരന്‍ രാജാവിനെ ഏറെ ക്ഷീണിപ്പിച്ചു. രാജാവിന്റെ ഉപദേശകനായി കൂടിയിരുന്ന ' കങ്കന്‍ ' ഏതു വിധേനയും വലലനെന്ന പേരില്‍ പാചക ശാലയുടെ നോട്ടക്കാരനായ ഭീമനെ മത്സരരംഗത്ത് കൊണ്ട് വരാന്‍ തിടുക്കമായി. അദ്ദേഹം പറഞ്ഞു. ' യുധിഷ്ഠര മഹാരാജാവിന്റെ രാജധാനിയിലെ ശ്രേഷ്ഠനായ ഗുസ്തിക്കാരന്‍ ഇപ്പോള്‍ അങ്ങയുടെ രാജധാനിയിലുണ്ട്. ഇടയ്ക്ക് ഞാനദ്ദേഹത്തെ കണ്ടിരുന്നു. നമുക്ക് അയാളെ ഒന്ന് വിളിച്ചാലോ? ' കങ്കന്റെ നിര്‍ദ്ദേശം രാജാവ്‌ അംഗീകരിച്ചു. ഭീമന്‍ മത്സരത്തിന് ഗോദയിലിറങ്ങി. അല്‍പ നേരം എതിരാളിയ്ക്ക് അഹങ്കാരിയ്ക്കാനിട നല്‍കിയ ശേഷം ഭീമന്‍ അയാളെ പൊക്കിയെടുത്ത് ചുഴറ്റിയെറിഞ്ഞു. ഗുസ്തി മത്സരത്തോടെ ഭീമന്‍ രാജകൊട്ടാരത്തിലെ സുപ്രസിദ്ധ ഗുസ്തിക്കാരനായി. രാജാവ്‌ വിലകൂടിയ പാരിതോഷികങ്ങള്‍ നല്‍കി വലലനെ അംഗീകരിച്ചു.(തുടരും)

No comments:

Post a Comment