
പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്‍ട്ട് 4(തുടർച്ച)...
കർണ്ണനും,കവചകുണ്ഡലങ്ങളും....
അര്‍ജ്ജുനന്‍ ദേവേന്ദ്ര സന്നിധിയിലായിരുന്ന വനവാസകാലത്ത്, ഇന്ദ്രന്‍ ലോമേശ മഹര്‍ഷി മുഖാന്തരം ഒരു സന്ദേശം യുധിഷ്ഠിരന് കൊടുത്തു വിട്ടിരുന്നു. ആ സന്ദേശത്തിലെ വിവരങ്ങള്‍ ഗോപ്യമായി വെയ്ക്കണമെന്ന് പ്രത്യേകം എഴുതിയിരുന്നു. ആസന്നമാകുന്ന യുദ്ധത്തില്‍ അങ്ങ് രാധേയനേയാണ് ഏറെ ഭയപ്പെടുന്നതെന്നു എനിയ്ക്കറിയാം. അങ്ങയുടെ ഭയം ഒഴിവാക്കാന്‍ അര്‍ജ്ജുന പിതാവായ ഞാന്‍ അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചോളാം.
അന്നത്തെ പകല്‍ എന്തുകൊണ്ടും സമ്പന്നമായിരുന്നെങ്കിലും, രാധേയന് രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. വന വാസത്തിനു പോകുന്നതിനു മുന്‍പുള്ള യുധിഷ്ഠിരന്റെ മുഖം അറിയാതെ ഓര്‍മ്മയിലെത്തിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. ' ഇത്രയ്ക്ക് സാധുവും, ധര്‍മ്മിഷ്ടനുമായ ഒരു മനുഷ്യനുണ്ടോ ? ' രാധേയന്‍ പലവുരു ആ ചോദ്യം മനസ്സില്‍ ചോദിച്ചു. ആവര്‍ത്തനം കൂടുംതോറും മനസ്സിനെ നിയന്ത്രിയ്ക്കാന്‍ അദ്ദേഹം ഏറെ ഏറെ പണിപെട്ടു.
രാധേയാ ! നീ ഇനിയും ഉറങ്ങിയില്ലേ ? അസാധാരണമായ വെളിച്ചത്തോടെ ഒരു ശബ്ദം രാധേയനരികിലെത്തി. അദ്ദേഹം ഒരു ബ്രാഹ്മണ വേഷധാരിയായിരുന്നു. രാധേയന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് കൈകൂപ്പി. '' നീ പാണ്ഡവരെ പറ്റി ഏറെ ചിന്തിയ്ക്കുന്നു. പ്രവര്‍ത്തിയ്ക്കുന്നത് അവ്ര്‍ക്കെതിരായും.. "
അങ്ങാരാണ് ? ഈ രാത്രിയില്‍ അങ്ങെന്തിനാണ് എന്നെ തേടി വന്നത് ?'
നിന്നെ അത്യാവശ്യമായി ചില കാര്യങ്ങള്‍ ബോധിപ്പിയ്ക്കാനുണ്ട്. രാധേയന്‍ തല കുമ്പിട്ടു. അദ്ദേഹം തുടര്‍ന്നു, നിന്റെ ദേഹത്തുള്ള ഈ കവചവും കാതിലെ കുണ്ഡലങ്ങളും ദൈവദത്തമാണ്. കുണ്ഡലങ്ങള്‍ നഷ്ടമായാല്‍ നിന്റെ ആയുസ്സ് കുറയും. കവചം ഉള്ള കാലത്തോളം നിന്റെ ദേഹത്തിന് ഒരു ക്ഷതവും ഏല്‍ക്കില്ല. ഇത് അമൃതില്‍ മുക്കിയതാണ്. ഏതോ ഒരു ദേവന്‍ നിന്റെ രക്ഷയെ പ്രാണനായിക്കരുതി നിന്നെ അണിയിച്ചതാണ്. നിന്റെ ദാന ശീലം ശ്ലാഘനീയമാണ്. അടുത്ത ദിവസം ഒരു വൃദ്ധ ബ്രാഹ്മണന്‍ ഇതാവശ്യപ്പെട്ട് നിന്നെ സമീപിയ്ക്കാനിടയുള്ളതായി ഞാനറിയുന്നു.' അദ്ദേഹം ഒന്ന് നിറുത്തി.
രാധേയന്‍ അറിയിച്ചു, " എന്റെ രക്ഷയെ പറ്റി അങ്ങ് ഏറെ വാചാലനാകുന്നു. എനിയ്ക്ക് ജന്മം നല്‍കിയവര്‍ ഒരിയ്ക്കല്‍ പോലും അതിനെ പറ്റി ചിന്തിച്ചിരുന്നില്ല. അവര്‍ക്ക് ഞാനൊരു ശാപ സന്തതിയായിരുന്നു. എത്ര മാത്രം അപമാനം ഞാനീ കാലയളവില്‍ സഹിച്ചു? അങ്ങയ്ക്കതൊന്നുമറിയില്ല, അറിയേണ്ട ആവശ്യവുമില്ല. " വേദന കടിച്ചമര്‍ത്തുന്ന കര്‍ണ്ണന്റെ മുഖം ആ നേരിയ വെളിച്ചത്തിലും അദ്ദേഹം കണ്ടു. കര്‍ണ്ണന്‍ തുടര്‍ന്നു, ജന്മ സമയത്തിന്റെ പുണ്യഫലമൊന്നു കൊണ്ട് മാത്രം, ഈ രാധേയന്‍ ദുര്യോധനന്റെ മിത്രമായി ഭോഗസുഖങ്ങള്‍ വേണ്ടുവോളം അനുഭവിയ്ക്കുന്നു,' ബ്രാഹ്മണന്‍ ചോദിച്ചു, ഇത്രമാത്രം സ്നേഹിയ്ക്കാന്‍ വേണ്ടും ദുര്യോധനില്‍ എന്ത് മഹത്വമാണ് നീ കാണുന്നത് ? എന്റെ അറിവില്‍ അയാള്‍ സഹോദര സ്നേഹമില്ലാത്തവനും, നിന്ദ്യനുമാണ്. "
അങ്ങ് പറയുന്ന ആ ഒരു ദോഷം ദുര്യോധനനില്‍ പലരും ആരോപിയ്ക്കുന്നു. പക്ഷേ എനിയ്ക്ക് ദുര്യോധനന്‍ മിത്രത്തിനപ്പുറം, ആത്മാവും ജീവനുമാണ്. അങ്ങയ്ക്കറിയുമോ യുവരാജാവിന്റെ ഉറക്കറയില്‍ പോലും അനുവാദം കൂടാതെ കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യം അദ്ദേഹം എനിയ്ക്ക് നല്‍കിയിട്ടുണ്ട്. അത്രയ്ക്ക് വിശ്വാസമാണ് എന്റെ ആത്മ മിത്രത്തിനെന്നെ. മറ്റെല്ലാരുടേയും മുന്നില്‍ ഞാന്‍ വെറുമൊരു സൂത പുത്രന്‍ മാത്രം..
രാധേയാ ! " ധര്‍മ്മ ശാസ്ത്രത്തില്‍ ഏതു മൈത്രിയ്ക്കും ഒരളവു കോലുണ്ട്. നിങ്ങള്‍ അത് ലംഘിയ്ക്കുന്നില്ലേ ? നിങ്ങളുടെ ചെറുപ്പം തെറ്റിന് വഴിവെയ്ക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചാല്‍.. " ബ്രാഹ്മണന്‍ അര്‍ദ്ധോക്തിയില്‍ നിറുത്തി.
അങ്ങ് വെറുമൊരു നിസ്സാരനല്ലന്നു എനിയ്ക്ക് വ്യക്തമായി. എന്റെ വ്യക്തിത്വം തന്നെ എന്റെ സ്വഭാവ മഹിമ. അതിനപ്പുറം ഒരു മുഖം എനിയ്ക്കില്ല. അതെന്റെ മിത്രത്തിനും നന്നായറിയാം. മറ്റാരുടെയും വാക്കുകള്‍ക്ക് ഞാന്‍ ചെവികൊടുക്കുന്നില്ല.'
ശരി ! ഞാന്‍ നിന്നില്‍ വിശ്വസിയ്ക്കുന്നു. മറ്റൊന്ന് ദ്രൗപദിയെ രാജസദസ്സില്‍ വെച്ച് നീ ക്രൂരമായി അപമാനിച്ചില്ലേ ? അതെന്തിനായിരുന്നു ? അവര്‍ നിന്നോട് എന്ത് തെറ്റ് ചെയ്തു ?
അങ്ങയുടെ മുന്നില്‍ ഞാനറിയാതെ എന്റെ ഹൃദയം തുറന്നു പോകുന്നു. ഒരു പക്ഷേ അങ്ങ് എന്റെ മനസ്സ് വായിച്ചിട്ടുണ്ടാകും. ദ്രൗപദി ഒരു സാമാന്യ സ്ത്രീയല്ല. ആരും കൊതിയ്ക്കുന്ന അപ്സരസ്സാണ്. സ്വന്തമാക്കണമെന്ന മോഹം സ്വയംവര പന്തലില്‍ വെച്ച് എനിയ്ക്കുമുണ്ടായതാണ്. കൃഷണ ശക്തി അതിന് തടസ്സമായി ഭവിച്ചു. അതോടെ പടിയിറക്കി വിടാന്‍ പറ്റാത്ത ഒരു പക എന്റെ മനസ്സില്‍ ദ്രൗപദിയോടുണ്ടായി. തെറ്റാണന്നറിഞ്ഞിട്ടും എനിയ്ക്കതില്‍ നിന്നും മുക്തനാകാന്‍ പറ്റുന്നില്ല..
രാധേയാ ! നീ ലോകത്തില്‍ വലുതായി ഏതിനെയാണ് കാണുന്നത് ?
" യശസ്സും, കീര്‍ത്തിയുമാണ് എനിയ്ക്ക് വലുത്. നിത്യവും സൂര്യനമസ്ക്കാരത്തിനു ശേഷം, ഞാന്‍ നല്‍കുന്ന ദാനകര്‍മ്മങ്ങള്‍ എനിയ്ക്ക് അര്‍ഹിയ്ക്കുനതിനെക്കാള്‍ കീര്‍ത്തി നേടിത്തരുന്നു. അങ്ങാരാണെന്ന് ഇനിയും വെളിപ്പെടുത്തിയില്ല ? " " ഞാന്‍ നീ നിത്യവും പൂജിയ്ക്കുന്ന സൂര്യനാണ്. നിന്നെ ഞാനേറെ സ്നേഹിയ്ക്കുന്നതിനാലാണ് ഈ രഹസ്യം വെളിപ്പെടുത്താന്‍ ഞാന്‍ നിന്നെ തേടി എത്തിയത്. " രാധേയന്‍ സൂര്യപാദങ്ങളില്‍ നമസ്ക്കരിച്ചു. " ദേവാധിദേവാ! പ്രയോജനമില്ലാത്ത നീണ്ട ആയുസ്സിനെക്കാള്‍ ഞാന്‍ കാംക്ഷിയ്ക്കുന്നത് കീര്‍ത്തിയോടെ ഒരു മരണമാണ്. എന്റെ സുഹൃത്തിനോടുള്ള കടമ നിറവേറ്റിയ ശേഷം യശസ്സോടെ ഒരു മരണം ഞാനാഗ്രഹിയ്ക്കുന്നു. അത് ഏറെ പുണ്യമായി ഞാന്‍ കണക്കാക്കുന്നു. " സൂര്യന്റെ കണ്ണുകള്‍ നിറഞ്ഞു. അദ്ദേഹം ഒരിയ്ക്കല്‍ കൂടി തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചു. പ്രയോജനമില്ലെന്നറിഞ്ഞിട്ടു കൂടി, താന്‍ കൂടി ചേര്‍ന്ന് വിധിയുടെ വിളയാട്ടത്തിനു വിട്ടു കൊടുത്ത പുത്രനെക്കുറിച്ചു ഏറെ വിങ്ങലോടെ ഓര്‍ത്തു. രാധേയനെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു അദ്ദേഹം യാത്രയായി.
അടുത്ത പ്രഭാതത്തിനു മുന്‍പായി ഒന്നുറങ്ങാന്‍ സൂര്യനാഗ്രഹിച്ചു. കണ്ണടച്ചപ്പോള്‍ വര്‍ഷങ്ങള്‍ പുറകോട്ടു പോയി. കൗമാരം വിട്ടകന്നിട്ടില്ലാത്ത ഒരു പെണ്‍കുട്ടി. സുന്ദരിയായിരുന്നവള്‍. മന്ത്ര സിദ്ധിയാല്‍ അവളുടെ മുന്നിലെത്തപ്പെട്ട എന്നെ നോക്കി അവള്‍ നിഷകളങ്കമായി ചിരിച്ചു. " ഞാനുദ്ദേശിച്ചതിലും സുന്ദരനാണങ്ങ്. മഹര്‍ഷിയുടെ മന്ത്രം സഫലമായതില്‍ ഞാന്‍ കൃതാര്‍ത്ഥയാണ്. എനിയ്ക്ക് സന്തോഷമായി. ഇനി അങ്ങ് പോയ്ക്കോളു, മറ്റാരും ഇതറിയാനിടവരരുത്. " പിന്‍തിരിഞ്ഞു പോരാന്‍ തനിയ്ക്കാവില്ല, മഹര്‍ഷിയുടെ വരം അത്ര മാത്രം ശക്തമായിരുന്നു. ഈ കന്യകയെ പ്രാപിയ്ക്കാതെ പോയാല്‍ ഞാന്‍ ശാപ ഗ്രസ്തനാകും. ഞാനതഗ്രഹിയ്ക്കുന്നില്ല. ഞാന്‍ ആ രാജകുമാരിയുടെ അടുത്തേയ്ക്ക് അല്പം കൂടി അടുത്തു. അവര്‍ ഭയപ്പെട്ടു പുലമ്പി അങ്ങ് സൂര്യദേവനല്ലേ ! കന്യകയായ എന്റെ ആഗ്രഹം അങ്ങയെ ഒന്ന് കാണുക മാത്രമായിരുന്നു _ മഹര്‍ഷിയുടെ മന്ത്രം ഫലിയ്ക്കുമോ എന്ന് വെറുതെ പരീക്ഷിച്ചതാണ്.
" എന്റെ കുട്ടി ! ആ മന്ത്രത്തിന്റെ ശക്തി നിനക്കറിയില്ലെങ്കിലും എനിയ്ക്കറിയാം. എനിയ്ക്ക് നിന്നെ വിട്ടുപോകാനാവില്ല.. " " ഞാന്‍ കന്യകയാണ്. ലോകര്‍ നാളെ എന്നെ നിന്ദിയ്ക്കും. എന്റെ ഭാവിയെ കരുതിയെങ്കിലും എന്നില്‍ കനിവുണ്ടാകണം.." കുന്തി കണ്ണീരൊഴുക്കി.. " നീയുമായി രമിയ്ക്കാതെ എനിയ്ക്ക് പിന്‍വാങ്ങാനാവില്ല. ഇതു മൂലം ഭാവിയില്‍ നീ കളങ്കപ്പെട്ടവളാകില്ല. നീ യഥാകാലം വിവാഹിതയും, അമ്മയുമാകും.." വാടിയ ചേമ്പിന്‍ തണ്ടുപോലെ കിടന്ന അവളെ പ്രാപിച്ചപ്പോള്‍, ഏതോ സാഹസത്തിനടിമപ്പെടെണ്ടി വന്ന അവസ്ഥയായിരുന്നെനിയ്ക്കും. പിരിഞ്ഞു പോരുമ്പോഴും കണ്ണീരുണങ്ങി വറ്റിയ ആ കവിള്‍തടത്തിലൊന്നു തലോടാന്‍ പോലും കുറ്റബോധം അനുവദിച്ചില്ല. " എന്റെ ആത്മ തേജസ്സ് നിന്റെ മുന്നില്‍ അടിയറവ് പറയുന്നു. ക്ഷമിയ്ക്കൂ "
ആരും അറിയാതെ നിശയുടെ നിശബ്ദതയില്‍ കുന്തി ഒരാണ്‍ കുഞ്ഞിനെ പ്രസവിച്ചു. ആ കുട്ടിയ്ക്ക് അച്ഛന്റെ സ്ഥാനത്ത് നിന്ന് താന്‍ കവച കുണ്ഡലങ്ങള്‍ അവന്റെ രക്ഷയെ കരുതി നല്‍കി. എന്നും ഒരു കണ്ണ് എന്റെ പുത്രനില്‍ എനിയ്ക്കുണ്ടായിരുന്നു. ഒരിയ്ക്കല്‍ പോലും എനിയ്ക്കെന്റെ കുട്ടിയെ അംഗീകരിയ്ക്കാന്‍ കഴിഞ്ഞില്ല. ആത്മാവ് പറിച്ചു നല്‍കിയാലും 'പുത്രാ' എന്ന് ഹൃദയം തുറന്നു വിളിയ്ക്കാന്‍ കഴിയാത്ത ഈ പാപിയായ അച്ഛനോട് ക്ഷമിയ്ക്കൂ പുത്രാ ! ദേവേന്ദ്രന്‍ എന്നേക്കാള്‍ എത്രയോ മേലെയാണ്. അദ്ദേഹം തന്റെ പുത്രനെ അധികാരപൂര്‍വ്വം സ്നേഹിയ്ക്കുന്നു. അവനു വേണ്ടി ന്യായമല്ലാത്ത പലതും നേടാന്‍ ആഗ്രഹിയ്ക്കുന്നു. അംഗീകരിയ്ക്കാനാവാത്ത എന്റെ ഈ പുത്രസ്നേഹം എന്റെ മനസ്സില്‍ ഒരു വിങ്ങലായവശേഷിയ്ക്കുന്നു.
അടുത്ത ദിവസം, രാധേയന്‍ പതിവുപോലെ സൂര്യവന്ദനത്തിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ തേജസ്വിയായ ഒരു വൃദ്ധ ബ്രാഹ്മണനെ കണ്ടു. " ഭിക്ഷ തന്നാലും.. " അദ്ദേഹം കൈ നീട്ടി. രാധേയന്‍ ബ്രാഹ്മണനു മുന്നില്‍ നമസ്ക്കരിച്ചു. അദ്ദേഹത്തെ ആസനത്തിലിരുത്തി. ബ്രാഹ്മണന്‍ പറഞ്ഞു എനിയ്ക്ക് അങ്ങയുടെ ധനമോ മറ്റു വസ്തുക്കളോ ദാനമായി വേണ്ട.' രാധേയന്‍ തലേ രാത്രിയില്‍ തന്റെ ദേവന്‍ തന്നോട് പറഞ്ഞ രഹസ്യം ഓര്‍ത്തു. ' പിന്നെ അങ്ങ് എന്നില്‍ നിന്ന് എന്താണാവശ്യപ്പെടുന്നത്. " എനിയ്ക്ക് നിന്റെ കുണ്ഡലങ്ങളും കവചവുമാണാവശ്യം." " പ്രഭോ ! ഇത് വളരെ ദിവ്യമാണ്. ഇതെന്റെ ശരീരത്തില്‍ നിന്ന് വേര്‍പെടുത്താനാവില്ല. പകരം അങ്ങയ്ക്ക് ഞാന്‍ എന്റെ രാജ്യം മുഴവന്‍ ദാനമായി നല്‍കാം.' രാധേയന്‍ ഉണര്‍ത്തിച്ചു.
" അര്‍ത്ഥിയ്ക്ക് ആവശ്യപ്പെടുന്നത് നല്‍കുന്നതിലാണ് ദാനത്തിന്റെ ശ്രേഷ്ഠത " ബ്രാഹ്മണന്റെ ശബ്ദം ദൃഡമായി.
" അങ്ങാരണന്ന് എനിയ്ക്കിപ്പോള്‍ മനസ്സിലായി. ലോകം മുഴുവന്‍ ദാനമായി നല്‍കാന്‍ കഴിവുള്ള ദേവാധീദേവനായ ഇന്ദ്രനല്ലേ അങ്ങ് ? അങ്ങ് എന്നോട് ദാനം ചോദിയ്ക്കുന്നത് തന്നെ എന്റെ യശസ്സിനെ വര്‍ദ്ധിപ്പിയ്ക്കും. പിന്നെ അത് നല്‍കിയാലുണ്ടാകുന്ന പുണ്യം എത്രയെന്നു പറയാന്‍ കഴിയില്ല. "
രാധേയന്‍ മറുത്തൊരു ചിന്തയില്ലാതെ, ഒരു മടിയും കൂടാതെ തന്റെ ദേഹത്ത് നിന്ന് കവചം അറുത്ത് മാറ്റി കുണ്ഡലങ്ങളും വേര്‍പെടുത്തി. അവ രണ്ടും ഇന്ദ്രന്റെ പാദത്തില്‍ കാണിയ്ക്കയായി വെച്ച് തൊഴുതു നിന്നു. ഇന്ദ്രന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ മഹത് കര്‍മ്മത്തിന് സാക്ഷിയായ ദേവകള്‍ അവര്‍ക്കുമേല്‍ പുഷ്പ വൃഷ്ടി ചൊരിഞ്ഞു. ജീവനെക്കാളുപരി ദാനത്തില്‍ പുണ്യം കണ്ട അങ്ങൊരു മഹാന്‍ തന്നെ ! അങ്ങ് കര്‍ണ്ണനായി എന്നും അറിയപ്പെടും. ആകാശത്തില്‍ ദുദ്ധുഭിവാദ്യങ്ങള്‍ മുഴങ്ങി. "കര്‍ണ്ണന്‍ ഭാരത ചരിത്രത്തില്‍ മഹാനായി അറിയപ്പെടും. " ദാനത്തില്‍ പര്‍ജ്ജന്യം പോലെ എന്നത് ഇനി മേല്‍ ദാനത്തില്‍ കര്‍ണ്ണനെപ്പോലെ എന്നാകും " ഉള്‍പുളകത്തോടെ രാധേയനുണര്‍ത്തിച്ചു, അങ്ങേയ്ക്ക് ദാനം നല്‍കി ഞാനെന്റെ പേര് നിലനിര്‍ത്തി. തിരിച്ച് ഇതെന്നില്‍ നിന്നും വാങ്ങിയ അങ്ങയുടെ ഗൂഡോദ്ദേശം ചോദ്യം ചെയ്യാന്‍ ഞാന്‍ അശക്തനാണ്.
"എന്റെ വജ്രായുധം ഒഴിച്ച് എന്തും നിനക്കാവശ്യപ്പെടാം.." "എന്നില്‍ നിന്ന് കവചകുണ്ഡലങ്ങള്‍ വാങ്ങിയ അങ്ങയ്ക്ക് ഒരു പേരുദോഷം ഉണ്ടാകാതിരിയ്ക്കാനെങ്കിലും അങ്ങയുടെ ' ശക്തി ' എനിയ്ക്ക് തരിക." കര്‍ണ്ണന്‍ ഉണര്‍ത്തി . ഇന്ദ്രന്‍ പറഞ്ഞു, "നീ ഇതു ചോദിച്ചതിന്റെ പൊരുള്‍ ഞാനുഹിയ്ക്കുന്നു. കൃഷണ കവചമുള്ള കാലത്തോളം അര്‍ജ്ജുനന്‍ അവധ്യനാണ്. എനിയ്ക്കുപോലും കൃഷണ സംരക്ഷണയിലുള്ള അര്‍ജ്ജുനനെ തോല്പിയ്ക്കാനാവില്ല. ' ശക്തി ' നിനക്ക് നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ. പക്ഷേ, അതൊരിയ്ക്കലെ ഉപയോഗിയ്ക്കാവൂ ! ആവര്‍ത്തനം ദോഷ ഫലം ചെയ്യും. നിന്റെ ഉപയോഗത്തിന് ശേഷം ഞാനെന്റെ യോഗ ബലം കൊണ്ട് അത് പിന്‍വലിയ്ക്കും."
ഇന്ദ്രന്‍ തുടര്‍ന്നു, "കവചം നഷ്ടപ്പെട്ടങ്കിലും നിന്റെ ശരീരത്തിന്‍ ഒരപൂര്‍വ്വ കാന്തി മരണം വരെ ഉണ്ടാകും. ഒരു വടു പോലും നിന്റെ ദേഹത്തുണ്ടാകില്ല. കവച കുണ്ഡലങ്ങള്‍ ദാനം ചെയ്കയാല്‍ നീ വൈകര്‍ണ്ണന്‍ എന്ന പേരില്‍ പ്രസിദ്ധനാകും." കര്‍ണ്ണന്‍ ദേവേന്ദ്രനെ സാഷ്ടാംഗം പ്രണമിച്ചു. "എന്റെ ഒരാഗ്രഹം അങ്ങ് സാധിച്ചു തരണം." കര്‍ണ്ണന്റെ ശബ്ദം ഗദ്ഗദ പൂര്‍ണ്ണമായി. "എന്താണ് കര്‍ണ്ണാ ! മടിയ്ക്കാതെ ചോദിച്ചോളു.." "എന്റെ ജന്മ രഹസ്യം അറിയാന്‍ ഞാനാഗ്രഹിയ്ക്കുന്നു ദേവാ.." ദയനീയമായ മുഖത്തോടെ ഇന്ദ്രന്‍ കര്‍ണ്ണനെ നോക്കി. "നിന്റെ മാതാപിതാക്കള്‍ ആരെന്നു എനിയ്ക്കറിയാം. അത് നിന്നോട് വെളിപ്പെടുത്താന്‍ എനിയ്ക്കേറെ വിലക്കുണ്ട് കുട്ടി ! ഒരിയ്ക്കല്‍ നീ അതറിയും അന്ന് നിനക്കു തോന്നും എന്തിനാണ് ഞാനീ പകയും വൈരാഗ്യവും വെച്ച് പുലര്‍ത്തിയതെന്ന്..! നിനയ്ക്ക് നല്ലതു വരും." ഇന്ദ്രന്‍ കര്‍ണ്ണനെ അനുഗ്രഹിച്ചു യാത്രയായി...
No comments:
Post a Comment