പരിത്രാണായ സാധൂനാം, വിനാശായ ച ദുഷു്കൃതാം, ധര്മ്മസംസ്ഥാപനാര്ത്ഥായ, സംഭവാമി യുഗേ യുഗേ. മഹാഭാരതം ------പാര്ട്ട് 2(തുടർച്ച) ജരാസന്ധ വധവും,രാജ സൂയം നടത്താനുള്ള ഒരുക്കങ്ങളും... തന്റെ ജീവന് രക്ഷിച്ച അര്ജ്ജുനനു വേണ്ടി, എന്തെങ്കിലും ചെയ്യണമെന്നു മയന് ആഗ്രഹിച്ചു. ജ്യേഷ്ഠനു വേണ്ടി നല്ലൊരു രാജസഭ നിര്മ്മിയ്ക്കണമെന്ന ആഗ്രഹം അര്ജ്ജുനന് പ്രകടിപ്പിച്ചു. അസുര ശില്പിയായ മയന് ആ ദൌത്യം സന്തോഷപ്പൂര്വ്വം സ്വീകരിച്ചു. നാലുമാസത്തിനുള്ളില് മയന് രമ്യമായ സഭാതലം പൂര്ത്തിയാക്കി. കൈലാസ പര്വ്വതത്തിനും, മൈനാക പര്വ്വതത്തിനും ഇടയിലുള്ള ബിന്ദു സരസ്സില് അനേകം പാത്രങ്ങളിലായി വിശിഷ്ട രത്നങ്ങള് ഉണ്ടെന്നും, അതുകൊണ്ട് സഭാതലം മോടിപിടിപ്പിച്ചാല് ആകര്ഷകമാകുമെന്നും മയന് അറിയിച്ചു. അര്ജ്ജുനനുമായി ബിന്ദു സരസ്സില് എത്തിയ മയന് രത്നങ്ങള്ക്കൊപ്പം കിട്ടിയ ദേവദത്തം എന്ന ശ്രേഷ്ഠമായ ശംഖു അര്ജ്ജുനന് ദാനം ചെയ്തു. വിഖ്യാതമായ ഒരു ഗദ കൂടി അവിടുന്ന് കണ്ടെടുത്തു. ഈ ഗദ, മയന് ഭീമന് നല്കി. ഈ ബിന്ദു സരസ്സില് വെച്ചാണ് ശിവന്റെ ജടയില് നിന്നും ഗംഗാനദി ബിന്ദുക്കളായി ഭൂമിയില് പതിച്ചത്. ഈ സരസ്സില് നിന്നും ഗംഗാ നദി പശ്ചിമത്തിലേയ്ക്കും, പൂര്വ്വത്തിലേയ്ക്കുമായി മുമൂന്നായ് പിരിഞ്ഞു. ശേഷിച്ച ഗംഗാ ജലത്തെ ഭഗീരഥന് തന്റെ രാജ്യത്തിലേയ്ക്ക് കൊണ്ടു പോയി. അതിനാല് ബിന്ദു സരസ്സ് സപ്ത നദികളുടെ ഉത്ഭവ സ്ഥാനമായി അറിയപ്പെടുന്നു. യമ നിര്മ്മിതമായ യുധിഷ്ഠിരന്റെ രാജസഭ ഇന്ദ്രസഭാതലമായ സുധര്മ്മ യെ പോലും വെല്ലുന്നതായിരുന്നു. നേട്ടങ്ങള് ഏറെ ആയപ്പോള്, ധാര്മ്മികനായ രാജാവ് ഒരു രാജസൂയം നടത്തിയാല്, അദ്ദേഹത്തിന്റെ പൂര്വ്വികര്ക്ക് ഇന്ദ്ര തുല്യമായ പദവി ലഭിയ്ക്കുമെന്ന് നാരദന് പ്രസ്താവിച്ചു. എന്തും കൃഷ്ണാഭിപ്രായത്തിനു വിടുന്ന യുധിഷ്ഠിരന് ഈ ആഗ്രഹവും കൃഷ്ണനെ അറിയിച്ചു. രാജസൂയം നടത്തുന്നതിനു മുന്പു ശത്രു രാജ്യങ്ങളെ കീഴടക്കണമെന്ന് കൃഷ്ണന് നിര്ദ്ദേശിച്ചു. അജയ്യനായിരുന്ന ജരാസന്ധന് കൃഷ്ണനെപ്പോലും പതിന്നെട്ടു തവണ യുദ്ധത്തില് വെല്ലു വിളിച്ചവനാണ്. ജരാസന്ധന്റെ ജാമാതാവായിരുന്ന കംസന് തന്റെ മാതുലനായിരുന്നതിനാല് കൃഷ്ണന് പല തവണയും അദ്ദേഹത്തെ കൊല്ലാതെ വിട്ടു. മൂന്നു വശവും സമുദ്രത്താലും ഒരു വശം രൈവതക പര്വ്വതത്താലും ചുറ്റപ്പെട്ട ദ്വാരകയിലേയ്ക്ക് കൃഷ്ണന് താമസം മാറ്റിയതും, ഒരു തരത്തില് ജരാസന്ധാക്രമണം ഒഴിവാക്കാനാണ്. എന്നിട്ടു പോലും ജരാസന്ധന് തന്റെ രാജ്യത്ത് നിന്ന് നൂറു യോജന അകലെയുള്ള ദ്വാരക ലകഷ്യമാക്കി ഗദ ചുഴറ്റി എറിഞ്ഞു. ഗദ രൈവത പര്വ്വതത്തില് തറച്ചു. ഗദയില്ലാതായതോടെ ജരാസന്ധന്റെ ശക്തി പകു ശിവ ഭക്തനായ ജരാസന്ധന് തന്റെ ശ്രേഷ്ഠമായ ഹോമ പൂര്ത്തീകരണത്തിന് വേണ്ടി അനേകം രാജ്യം കീഴ്പ്പെടുത്തി, രാജാക്കന്മാരെ തടവില് പാര്പ്പിച്ചു. ഹോമാവസാനം ഈ രാജാക്കന്മാരുടെ ശിരസ്സ് ഹോമകുണ്ഡത്തില് അര്പ്പിയ്ക്കുക എന്നതായിരുന്നു ജരാസന്ധന്റെ ലകഷ്യം. ഏതു വിധത്തിലും ജരാസന്ധനെ വധിച്ച് ഈ രാജാക്കന്മാരെ വിമുക്തരാക്കണമെന്ന് കൃഷ്ണന് ഉറച്ചു. അപ്പോഴാണ് യുധിഷ്ഠിരന്റെ രാജസൂയാഭിലാഷം വീണു കിട്ടിയത്. കൃഷ്ണന് ജരാസന്ധനോട് തുല്യം കിടപിടിയ്ക്കത്തക്ക ശക്തിയുള്ള ഭീമസേനനേയും, അര്ജ്ജുനനേയും കൂട്ടി മഗധയിലേയ്ക്ക് തിരിച്ചു. സനാതന്മാരുടെ (ഗൃഹസ്താശ്രമം ആചരിയ്ക്കാത്ത ബ്രഹ്മചാരികളായ വൈദിക ബ്രാഹ്മണര് ) വേഷത്തിലാണ് മൂവരും മഗധയിലെത്തിയത്. വഴിയ്ക്ക് ജരാസന്ധന്റെ ജനനത്തെ പറ്റിയും അദ്ദേഹത്തിന് ശക്തിയെ പറ്റിയും കൃഷ്ണന് അവരെ അറിയിച്ചു. മഗധ രാജാവായ ബൃഹദ്രഥന്, ഗിരിവൃജ എന്ന പര്വ്വത സാനുവിലാണ് തന്റെ രാജധാനി നിര്മ്മിച്ചിരുന്നത്. അദ്ദേഹം കാശി രാജാവിന്റെ രണ്ടു പുത്രിമാരെ വിവാഹം ചെയ്തെങ്കിലും, ഏറെക്കാലം അവര്ക്ക് കുട്ടികളുണ്ടായില്ല. നിരാശനായ രാജാവ് തന്റെ പത്നിമാരുമായി വനവാസത്തിനു പുറപ്പെട്ടു. വനത്തില് വെച്ചു രാജാവ് ചണ്ഡ കൗശികന് എന്ന സന്യാസിയെ കാണാനിടയായി. സന്യാസി വിശിഷ്ടമായ ഒരു മാമ്പഴം രാജാവിന് നല്കി. ഈ മാമ്പഴം അങ്ങയുടെ പത്നിമാര്ക്ക് നല്കുക, താമസിയാതെ ഇവര് ഗര്ഭിണികളാകും. കൊട്ടാരത്തിലെത്തിയ രാജാവ് മാമ്പഴം മുറിച്ചു തന്റെ രണ്ടു പത്നിമാര്ക്കുമായി നല്കി. വൈകാതെ ഗര്ഭം ധരിച്ച അവര് പ്രസവിച്ചതാകട്ടെ അപൂര്ണ്ണരായ രണ്ടു ശിശുക്കളെ. പരിചാരിക ഈ കുട്ടികളെ തുണിയില് പൊതിഞ്ഞു വെളിയിലിട്ടു. ഈ സമയം അവിടെ എത്തിയ ജര എന്ന രാക്ഷസി ഭക്ഷിയ്ക്കാനുള്ള വ്യഗ്രതയില് ഈ രണ്ടു മാംസക്കഷണങ്ങളും ഒന്നിച്ചു ചേര്ത്തു. അത്ഭുതമെന്ന് പറയട്ടെ, തല്ക്ഷണം ആ മാംസപിണ്ഡത്തില് ജീവന്റെ തുടിപ്പുണ്ടായി. കുഞ്ഞു ഉറക്കെ കരഞ്ഞു. ജരയാല് സന്ധിയ്ക്ക്പ്പെട്ടതു കൊണ്ട് രാജാവ് കുട്ടിയ്ക്ക് ജരാസന്ധന് എന്ന് പേരിട്ടു. ഏറെ സ്നേഹ ലാളനകളെറ്റതു കൊണ്ടു അവന് ക്രൂരനും ദുഷ്ടനുമായി തീര്ന്നു. സ്താതന്മാരുടെ വേഷത്തിലെത്തിയവര് കൃഷ്ണനും, പാണ്ഡു പുത്രന്മാരുമാണെന്ന് ജരാസന്ധന് തിരിച്ചറിഞ്ഞു. ജന്മമുണ്ടെങ്കില് മരണവും നിശ്ചയം. ഭയപ്പെട്ട് പിന്തിരിയുന്നവന് വീരനെന്ന അവകാശ വാദത്തിനര്ഹനല്ല. നിമിത്തങ്ങള് പലതും എതിരായി കണ്ട ജരാസന്ധന് ഒന്ന് പകച്ചു. അദ്ദേഹം തന്റെ പുത്രന് സഹദേവനെ ആ നിമിഷം യുവരാജാവായി അഭിഷേകം ചെയ്തു. തന്നോടെതിര്ക്കാന് പറ്റിയ ആള് ഭീമന് തന്നെയെന്ന് അദ്ദേഹം ഉറപ്പിച്ചു. ആകാരബലത്തില് രണ്ടുപേരും തുല്യരായിരുന്നു. ദ്വന്ദയുദ്ധത്തില് ഭീമന് തളരുന്നത് കണ്ട കൃഷ്ണന്. വായു പുത്രന്റെ അമാനുഷിക ശക്തിയെ പറ്റി പുകഴ്ത്തി. സടകുടെഞ്ഞുഴുന്നെറ്റ ഭീമ ശക്തി, ജരാസന്ധനെ എടുത്തു പൊക്കി, കൈകാലുകള് വലിച്ചു കീറി നടുവെ രണ്ടായി പിളര്ത്തി എറിഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്, അതാ ജരാസന്ധന് വീണ്ടും പുനര്ജ്ജനിച്ചിരിയ്ക്കുന്നു. തന്ത്ര ശാലിയായ കൃഷ്ണന്, ഭീമന്റെ ദൃഷ്ടിയ്ക്ക് കാണും വിധം ഒരു വാഴയില രണ്ടായി കീറി തല തിരിച്ചിട്ടു. കാര്യം ഗ്രഹിച്ച ഭീമന് ജരാസന്ധനെ വീണ്ടും എടുത്തു പൊക്കി വലിച്ചു കീറി തലകീഴായ് എതിര് ദിശയില് മറിച്ചിട്ടൂ . ശങ്കര ഭക്തനും, അജയ്യനുമായ ജരാസന്ധന് മരിച്ചു. കൃഷ്ണന്, ജരാസന്ധന് തടവിലാക്കിയ രാജാക്കന്മാരെ മോചിപ്പിച്ചു. അവരുടെ രാജ്യം അവര്ക്ക് തിരിച്ചു നല്കി. കൂടാതെ രാജസൂയത്തിന് അവരെ ക്ഷണിയ്ക്കുകയും ചെയ്തു. ജരാസന്ധ നിഗ്രഹത്തിനു ശേഷം ഇന്ദ്രപ്രസ്ഥത്തിലെത്തിയ കൃഷ്ണന്, രാജസൂയത്തിന് കണ്ടു മുട്ടാമെന്ന ധാരണയില് യുധിഷ്ഠിരനോട് വിടപറഞ്ഞു. രാജസൂയത്തിനുള്ള വിഭവ സമാഹരണാര്ത്ഥം അര്ജ്ജുനന് ഉത്തര ദിക്കിലേയ്ക്കും. ഭീമന് പൂര്വ്വ ദിക്കിലേയ്ക്കും യാത്ര തിരിച്ചു. സഹദേവന് ദക്ഷിണ ദിക്കിലേയ്ക്കും, നകുലന് പശ്ചിമ ദിക്കിലേയ്ക്കും തിരിച്ചു. ഉത്തര ദിക്കിലേയ്ക്ക് തിരിച്ച അര്ജ്ജുനന് സാല്യനെ പരാജയപ്പെടുത്തി കൂട്ടത്തില് അനേകം ചെറു രാജ്യങ്ങളും കീഴ്പ്പെടുത്തി അധീനത്തിലാക്കാന് അദ്ദേഹത്തിന് കഴിഞ്ഞു. പ്രാഗ് ജ്യോതിഷത്തിലെത്തി അര്ജ്ജുനന് ഭഗദത്തനെ യുദ്ധത്തില് പരാജയപ്പെടുത്തി. അര്ജ്ജുനന്റെ ശൌര്യത്തില് മതിമറന്ന ഭഗദത്തന് രാജസൂയത്തിന് ആവശ്യമായ സഹായ സഹകരണങ്ങള് വാഗ്ദാനം ചെയ്തു. തുടര്ന്ന് ജലന്ധരത്തിലെ ത്രിഗര്ത്തന്മാരെ അര്ജ്ജുനന് യുദ്ധത്തില് തോല്പിച്ചു. ഈ കീഴ്പ്പെടുത്തിലുടെ, സൗഹൃദത്തിന് പകരം ത്രിഗര്ത്തന്മാര് പാണ്ഡവ ശത്രുക്കളാകുകയാണുണ്ടായത്. കുരുക്ഷേത്ര യുദ്ധം തീരുവോളം ഈ വൈരാഗ്യ ബുദ്ധി ദുര്യോധന പക്ഷം ചേര്ന്ന് അവര് തുടര്ന്നു. പിന്നീട് അര്ജ്ജുനന് മേരു സാനുവായ ജംബുവിലെത്തി. എന്നും പുഷ്പിക്കുന്ന ജംബു എന്ന വിശിഷ്ടമായ ചെടി ഇവിടെ പടര്ന്നു കിടന്നിരുന്നു. തന്മൂലം ഈ പ്രദേശം സിദ്ധചാരണന്മാര്ക്ക് പ്രിയംകരമായിരുന്നു. ഭാരത വര്ഷത്തിന് ജംബുദ്വീപ് എന്ന പേര് അന്വര്ത്ഥമാണ്. തുടര്ന്ന് ഗന്ധ മാദനത്തിലേയ്ക്ക് പോയ അര്ജ്ജുനന് അവിടെ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് മടങ്ങി. യാത്രയിലുടനീളം അദ്ദേഹത്തിന് വിശിഷ്ടങ്ങളായ രത്നങ്ങളും ധനവും സംഭരിയ്ക്കാന് കഴിഞ്ഞു. ഇതോടെ അര്ജ്ജുനന് ധനഞ്ജയന് എന്ന പേരിനുടമയായി. പൂര്വ്വ ദിക്കിലേയ്ക്ക് പോയ ഭീമന് പാഞ്ചാലവും, മിഥിലയും കടന്ന് ചേദിയിലെത്തി. ചേദി രാജാവ് ശിശുപാലന് ഭീമനെ സൗഹൃദ പൂര്വ്വം സ്വീകരിച്ച് ഉപചാരങ്ങള് നല്കി. രാജസൂയത്തിനെത്തുമെന്ന് ഉറപ്പും നല്കി. മഗധ രാജാവായ സഹദേവനും ഭീമനെ വേണ്ട വിധം ഉപഹാരങ്ങള് നല്കി സല്ക്കരിച്ചു. യാത്രയ്ക്കിടയില് സഹദേവന് ദന്തവക്ത്രന്, ശ്രേണി മുതലായ രാജാക്കന്മാരെ പരാജയപ്പെടുത്തി. അവന്തിയിലെ വിന്ദാനു വിന്ദന്മാരെ തോല്പിച്ച്, മാഹിഷ്മതീ നഗരിയിലെത്തി നീലനെന്ന രാജാവിനോട് യുദ്ധം ചെയ്തു. സഹദേവന്റെ യാത്ര തികച്ചും ഫലപ്രദമായിരുന്നു. അദ്ദേഹം ഭീമ പുത്രനായ ഘടോല്കചനെ ക്ഷണിച്ചു വരുത്തി ലങ്കയിലെ വിഭീഷണനെ രാജസൂയത്തിന് ക്ഷണിയ്ക്കാന് നിയോഗിച്ചു. പിന്നീട് പാണ്ഡുരാജ്യത്ത് പോയി അര്ജ്ജുന പത്നിയായ ചിത്രാംഗദയേയും, പുത്രനായ ബഭ്രുവാഹനനെയും രാജസൂയ വാര്ത്ത അറിയിച്ചു. നകുലന്റെ യാത്രയും ശുഭപര്യവസായിയായിരുന്നു. അദ്ദേഹം കൃഷ്ണവംശജരെ മുഴുവന് രാജസൂയത്തിന് ക്ഷണിച്ചു.(തുടരും)
No comments:
Post a Comment